ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും മണിപ്പൂർ സന്ദർശിക്കുന്നു. രാവിലെ അസമിലെത്തിയ രാഹുൽ പ്രളയദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷമാണ് മണിപ്പൂരിലേക്ക് തിരിക്കുക. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് മണിപ്പുരിലെ ജിരിബാം ജില്ലയിൽ ഇന്ന് സുരക്ഷ ശക്തമാക്കി. ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ ജില്ലയിലെ 3 അഭയാർഥി ക്യാമ്പുകളാണ് രാഹുൽ ഗാന്ധി സന്ദർശിക്കുന്നത്. കലാപത്തിൽ വീട് നഷ്ടപ്പെട്ട 1700 കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിലാണ് കഴിയുന്നത്.
പ്രതിപക്ഷനേതാവായശേഷം ലോക്സഭയിൽ നടത്തിയ കന്നി പ്രസംഗത്തിലും മോദി മണിപ്പുർ സന്ദർശിക്കാത്ത വിഷയം രാഹുൽ ഉന്നയിച്ചിരുന്നു. മേയ് മാസത്തിന് ശേഷം മൂന്നാം തവണയാണ് രാഹുൽ ഇപ്പോൾ സംസ്ഥാനത്തെത്തുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 2 സീറ്റുകളിലും കോൺഗ്രസ് വിജയം നേടിയിരുന്നു.