Kerala News Today-കൊച്ചി: മറുനാടൻ മലയാളി, കർമ്മ ന്യൂസ് എന്നീ ഓൺലൈൻ മാധ്യമങ്ങളുടെ ഓഫീസ് റെയ്‌ഡുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ വീടുകളിൽ പോലീസ് നടത്തിയത് മാധ്യമ വേട്ടയാടലെന്ന് ഓൺലൈൻ മീഡിയ പ്രസ് ക്ലബ്ബ്.
പത്രാധിപർ കേസിലുൾപ്പെട്ടു എന്നതിൻ്റെ പേരിൽ സ്ഥാപനത്തിലെ ജീവനക്കാരെയും മാധ്യമ പ്രവർത്തകരെയും വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല.
ഒരു പത്രാധിപർക്കെതിരെ കേസ് വന്നതിൻ്റെ പേരിൽ പത്ര സ്ഥാപനം അടച്ചുപൂട്ടുകയും ജീവനക്കാരോട് ഓഫീസിൽ വരരുത് എന്നു പോലീസ് ഉത്തരവിടുതും കേട്ടുകേഴ്‌വിയില്ലാത്തതും അധികാര ദുർവിനിയോഗവുമാണന്ന് കൊച്ചിയിൽ ചേർന്ന ഒഎംപിസി ദേശീയ കമ്മറ്റി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
പോലീസിൻ്റെ ഇത്തരം നടപടി കാടത്തവും ഒരു ജനാധിപത്യ രാജ്യത്ത് നടക്കാൻ പാടില്ലാത്തതുമാണ്.
സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ വീട്ടിൽ അർധരാത്രി പോലും പോലീസ് പരിശോധന നടത്തുകയാണ്.
മാധ്യമ പ്രവർത്തകരെയും സുഹൃത്തുക്കളെയും പോലും വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ഫോൺ പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല.
നിയമവിരുദ്ധമായ പരിശോധനകളാണ് കേരളത്തിൽ നടക്കുന്നത്. സമാനതകളില്ലാത്ത മാധ്യമവേട്ടയാണ് കേരളത്തിൽ നടക്കുന്നതെന്നും ഒഎംപിസി കുറ്റപ്പെടുത്തി.
ദേശീയ ചെയർമാൻ ഡോ.ടി വിനയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിൽ ദേശീയ പ്രസിഡന്റ് കെ വി ഷാജി, വൈസ് പ്രസിഡന്റ് സൂര്യദേവ് മന്ത്ര, സെക്രട്ടറിമാരായ അജിത ജെയ് ഷോർ, രാഹുൽ ചക്രപാണി എന്നിവർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി ടി ആർ ദേവൻ പ്രമേയം അവതരിപ്പിച്ചു.
Kerala News Today