Latest Malayalam News - മലയാളം വാർത്തകൾ

മുഖ്യമന്ത്രിയുടെ ഗണ്‍മാനും പോലീസുകാര്‍ക്കും അധിക സുരക്ഷ ഏര്‍പ്പെടുത്താന്‍ ഉത്തരവ്

KERALA NEWS TODAY – തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാനും പോലീസുകാര്‍ക്കും അധിക സുരക്ഷ ഏര്‍പ്പെടുത്താന്‍ ഉത്തരവ്.
രണ്ട് ഉദ്യോഗസ്ഥരുടെ വീടുകള്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്താന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജ് ഉത്തരവിറക്കി.
ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച അംഗരക്ഷകര്‍ക്കെതിരെ ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇവരുടെ വീടിന് കാവല്‍ ഏര്‍പ്പെടുത്താന്‍ കമ്മീഷണര്‍ ഉത്തരവിട്ടത്.

വെള്ളിയാഴ്ചയായിരുന്നു ആലപ്പുഴയിലെ കൈതോലയില്‍ മുഖ്യമന്ത്രിയുടെ നവകേരള ബസ് കടന്നുപോയപ്പോള്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ടിനുണ്ടായിരുന്ന പോലീസുകാരും ചേര്‍ന്ന് മര്‍ദിച്ചത്.
ഇതിന്റെ ദൃശ്യങ്ങളും ഗണ്‍മാന്‍ അനില്‍ കല്ലിയൂരിന്റെയും എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരന്റെയും ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് രണ്ടുപേരുടെയും വീടുകള്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്താന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജ് ഉത്തരവിറക്കിയത്.

ഈ ഉത്തരവ് പ്രകാരം ഗണ്‍മാന്‍ അനിലിന്റെ പേരൂര്‍ക്കടയിലെയും കലൂരിലെയും വീടിനും പോലീസുകാരന്റെ മ്യൂസിയം പോലീസ് സ്‌റ്റേഷന്റെ പരിതിയിലുള്ള പൊട്ടക്കുഴിയിലെ വീടിനും പ്രത്യേക സുരക്ഷ നല്‍കും.
ഈ വീടുകള്‍ക്ക് സമീപം രാത്രിയിലും തുടര്‍ദിവസങ്ങളിലും സുരക്ഷ ആവശ്യമാണെന്നും ഉത്തരവില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഈ വീടുകള്‍ക്കുനേരെ ആക്രമണമുണ്ടാകാനും ഇവരെ അപായപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഉത്തരവില്‍ സൂചിപ്പിക്കുന്നുണ്ട്.

ഇരുവരുടെയും വീടുകളിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചും നടക്കാനിരിക്കുകയാണ്. അതേസമയം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കുകയെന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

Leave A Reply

Your email address will not be published.