KERALA NEWS TODAY – തൃശ്ശൂർ: റബ്കോയെ സഹായിക്കാനായി കരുവന്നൂർ ബാങ്ക് നൽകിയ 7.57 കോടിക്കു പുറമേ, വ്യാപാര ഇനത്തിൽ ബാങ്കിന് 9.79 കോടിയും തിരികെ നൽകണം.
റബ്കോയിൽനിന്ന് ബാങ്ക് വാങ്ങിയ ഉത്‌പന്നങ്ങളിൽ വിറ്റഴിക്കാനാകാത്തവിധം കേടായ വസ്തുക്കളുടെ വിലയാണ് 9.79 കോടി.
റബ്കോയുമായുണ്ടാക്കിയ വ്യാപാര ഉടമ്പടിയില്‍ ഇക്കാര്യമുണ്ട്. എന്നാൽ, ബാങ്കിന്റെ വ്യാപാരവീഴ്ചയായി കാണിച്ച് റബ്കോ ഈ തുക നൽകാൻ തയ്യാറായില്ല. കോടികളുടെ തട്ടിപ്പ് നടത്തുന്നതിനിടെ ബാങ്ക് ഈ
തുക തിരിച്ചുപിടിക്കാൻ മെനക്കെട്ടതുമില്ല. തട്ടിപ്പ് പുറത്തുവന്നതോടെ റബ്കോയുമായുള്ള ഇടപാടുകൾ കുറിച്ച ബാങ്ക്, വിറ്റഴിക്കാനാകാത്ത ഇനങ്ങളെല്ലാം കത്തിച്ചുകളയുകയും ചെയ്തു.
2008-ൽ മാത്രം കരുവന്നൂർ ബാങ്ക് റബ്കോയിൽനിന്ന് 6.33 കോടിയുടെ ഉത്‌പന്നങ്ങൾ വാങ്ങി. എന്നാൽ, വിറ്റത് 3.3 ലക്ഷത്തിന്റെ ഉത്‌പന്നം മാത്രം. തൃശ്ശൂർ ജില്ലയിലും എറണാകുളം ജില്ലയുടെ ഒരു മേഖലയിലും റബ്കോയുടെ കുത്തക വിൽപ്പനാവകാശം കരുവന്നൂർ ബാങ്കിനായിരുന്നു. ഈ കുത്തക നിലനിൽക്കെയാണ് വാങ്ങിയതിന്റെ ഇരുപതിൽ ഒരു ഭാഗം പോലും വിൽക്കാനാകാതെ പോയത്.
കരുവന്നൂർ ബാങ്ക് റബ്കോയിൽനിന്ന് രൊക്കം പണം നൽകിയാണ് ഉത്‌പന്നങ്ങൾ വാങ്ങിയിരുന്നത്. ഇതിന് റബ്കോ അപ്പോൾത്തന്നെ ബാങ്കിലെ ഉദ്യോഗസ്ഥർക്ക് 15 ശതമാനം കമ്മിഷൻ പണമായി നൽകുകയും ചെയ്തിരുന്നു. റബ്കോ ഉത്‌പന്നങ്ങൾ വാങ്ങുന്ന വ്യാപാരികളും നല്ല കമ്മിഷൻ നൽകുമെന്നതിനാൽ ബാങ്കുകാർ ഇവ വ്യാപാരികൾക്ക് യഥേഷ്ടം നൽകി.
പക്ഷേ, വിൽപ്പനയുടെ പണം തിരികെ പിടിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയില്ല. 2011 മാർച്ച് 31-ന് ബാങ്കിന് വ്യാപാരികളിൽനിന്ന് തിരികെ കിട്ടാനുള്ളത് 3.10 കോടിയായിരുന്നു. റബ്കോയുടെ റിബേറ്റ് ഇനത്തിലെ 58.89 ലക്ഷവും കിട്ടിയില്ല.
റബ്കോ ഉത്‌പന്നങ്ങൾ വാങ്ങിയ വ്യാപാരികളിൽനിന്ന് 2012 മാർച്ച് 31-ന് ബാങ്കിന് തിരികെ കിട്ടാനുള്ളത് 1.88 കോടിയായിരുന്നു.
2013 മാർച്ച് 31-ന് ഇത് 97.91 ലക്ഷവും 2014 മാർച്ച് 31-ന് ഇത് 99.60 ലക്ഷവുമാണ്. 2015-ൽ റബ്കോയുടെ ഫർണിച്ചർസ്റ്റോക്കിൽനിന്ന് 30.47 ലക്ഷത്തിന്റെ ഇനങ്ങൾ കാണാതാകുകയും ചെയ്തു.