കഠിനംകുളം ആതിര കൊലക്കേസിലെ പ്രതി ജോൺസൺ ഔസേപ്പ് പിടിയിലായി. കോട്ടയം കുറിച്ചിയിൽ നിന്ന് ചിങ്ങവനം പൊലീസാണ് ഇയാളെ പിടികൂടിയത്. വിഷം കഴിച്ചെന്ന സംശയത്തിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറിച്ചിയിൽ ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു ജോൺസൺ ഔസേപ്പ്. കഴിഞ്ഞ ഏഴാം തീയതി മുതൽ ഇയാളെ കാണാനില്ലായിരുന്നു. തിരികെ എത്തിയപ്പോൾ വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ആതിരയുടെ ഇൻസ്റ്റാഗ്രാം സുഹൃത്തായിരുന്നു ജോൺസൺ ഔസേപ്പ്. ഏറെ നാളായി ആതിരയും ജോൺസണും തമ്മിൽ അടുപ്പത്തിലായിരുന്നു. ആതിര ഒപ്പം പോകാത്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ ദിവസമായിരുന്നു ആരിതയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിലെ പൂജാരിയായ ആതിരയുടെ ഭർത്താവ് ക്ഷേത്രത്തിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ആതിരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലയ്ക്ക് പിന്നാലെ ആതിരയുടെ സ്കൂട്ടറുമായാണ് പ്രതി രക്ഷപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്നലെ സ്കൂട്ടർ പൊലീസ് കണ്ടെത്തിയിരുന്നു.