Latest Malayalam News - മലയാളം വാർത്തകൾ

കാരവാനിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക്ക് പരിശോധന തുടങ്ങി

Forensic examination begins in the case of finding bodies in a caravan

വടകരയിൽ നിർത്തിയിട്ടിരുന്ന കാരവനിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക്ക് പരിശോധന തുടങ്ങി. മലപ്പുറം വണ്ടൂർ സ്വദേശി മനോജിൻ്റെ ഇൻക്വസ്റ്റ് പൂർത്തിയായി. കാസർകോട് സ്വദേശി ജോയലിന്റെ ഇൻക്വസ്റ്റ് നടപടി ആരംഭിച്ചു. മനോജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊന്നാനിയിലെ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ തന്നെയുള്ള ജീവനക്കാരനാണ് ജോയൽ. വാഹനത്തിന്‍റെ മുന്നിലെ പടിയിലും പിൻഭാഗത്തുമായാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടു ദിവസമായി റോഡരികിൽ വാഹനം നിർത്തിയിട്ട നിലയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് പ്രദേശവാസികൾക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കരിമ്പനപ്പാലത്താണ് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേരെ കണ്ടെത്തിയത്. മരണകാരണം പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. എസിയിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറഞ്ഞ് അത് ശ്വസിച്ചതാകാം മരണത്തിനിടയാക്കിയതെന്ന സംശയമുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Leave A Reply

Your email address will not be published.