Kerala News Today-പാലക്കാട്: കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിക്കെതിരെ പരാതിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഭർത്താവിനെ പരിചരിക്കാൻ വൈകിയെന്നാരോപിച്ച് ഡോക്ടർമാരെ അധിക്ഷേപിച്ചുവെന്നാണ് പരാതി. താൻ എംഎൽഎ ആണെന്ന് പറഞ്ഞ് തങ്ങളോട് കയർക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.
നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെ കിട്ടുന്നതെന്ന് പറഞ്ഞ് എംഎല്‍എ ആക്ഷേപിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ ആരോപിച്ചു. ഇന്നലെ രാത്രി പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചാണ് സംഭവമുണ്ടായത്. പനിക്ക് ചികിത്സ തേടിയാണ് എംഎൽഎ ഭർത്താവിനെ ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടിയിലുള്ള ഡോക്ടർ കൈകൊണ്ട് തൊട്ട് നോക്കി മരുന്ന് കുറിച്ചു. പിന്നാലെ എന്തുകൊണ്ട് തെർമോ മീറ്റർ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎൽഎ കയർത്തുവെന്നും നിങ്ങളുടെ സ്വഭാവം കൊണ്ട് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു.
എന്നാൽ താൻ ഡോക്ടർമാരെ ആക്ഷേപിച്ചിട്ടില്ലെന്നാണ് കോങ്ങാട് എംഎൽഎയുടെ പ്രതികരണം. ഡോക്ടർമാരോട് മോശമായി പെരുമാറിയിട്ടില്ല. അത്യാഹിത വിഭാഗത്തിലായാലും എല്ലാവരോടും ഒരുപോലെ പെരുമാറണമെന്നാണ് ഡോക്ടര്‍മാരോട് പറഞ്ഞത്. ഡിഎംഒയോട് കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ട്. ആരെയും ദുഖിപ്പിക്കാൻ ഉദേശിച്ചിട്ടില്ല. ആവശ്യമെങ്കിൽ ഖേദം പ്രകടിപ്പിക്കാമെന്നും എംഎൽഎ മാധ്യമങ്ങളോട് പ്രതികരിച്ചു.
Kerala News Today