Latest Malayalam News - മലയാളം വാർത്തകൾ

ദേവികുളം തിരഞ്ഞെടുപ്പ് കേസ്: അടുത്ത വെള്ളിയാഴ്ച്ച പരിഗണിക്കും

Kerala News Today-ന്യൂഡല്‍ഹി: ദേവികുളം തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ നടപടിക്കെതിരെ എ രാജ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. അടുത്ത വെള്ളിയാഴ്ച വിശദമായി കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അഭിഭാഷകരുടെ ആവശ്യം പരിഗണിച്ചാണ് നടപടി. ജസ്റ്റിസുമാരായ സുധാന്‍ഷു ദുലിയ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

താൻ ഹിന്ദു മത വിശ്വാസിയാണെന്ന് എ രാജ സുപ്രീംകോടതിയിൽ അറിയിച്ചു. അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതുവരെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാജയുടെ അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നാൽ ഒരാഴ്ച്ച കൊണ്ട് ഒന്നും നടക്കില്ലെന്ന് വ്യക്തമാക്കി കോടതി ഈ കാര്യം അംഗീകരിച്ചില്ല. സംവരണത്തിന് എല്ലാ അര്‍ഹതയും ഉള്ള വ്യക്തിയാണ് രാജയെന്നും രേഖകൾ പരിശോധിക്കാതെ ഹൈക്കോടതി നടപടിയെന്നും രാജയ്ക്കായി മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥൻ, അഭിഭാഷകൻ ജി പ്രകാശ് എന്നിവർ വാദിച്ചു.

മതം സംബന്ധിച്ചുള്ള പ്രധാനപ്പെട്ട രേഖകൾ രാജ കോടതിയില്‍നിന്ന് മറച്ചുവച്ചെന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡി. കുമാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നടന്ദർ ഹൂഡാ, അഭിഭാഷകന്‍ അല്‍ജോ കെ. ജോസഫ് സുപ്രീംകോടതിയെ അറിയിച്ചു. 1950 മുൻപ് സംസ്ഥാനത്തേക്ക് കുടിയേറിയ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകാമെന്ന 1986 ലെ സംസ്ഥാനസർക്കാർ ഉത്തരവ് ഈ വിധി വഴി ഹൈക്കോടതി റദ്ദാക്കിയെന്നും സംസ്ഥാനസർക്കാർ കക്ഷിയല്ലാത്ത കേസിൽ അതിര് കടന്ന നടപടിയാണ് ഹൈക്കോടതി നടത്തിയതെന്നും എ രാജയുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.