ENTERTAINMENT NEWS KOCHI:തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ വമ്പൻ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരിഷ് എ.ഡി. സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രേമലു’. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണിപ്പോൾ. നസ്ലിനും മമിത ബെെജുവും ഒന്നിച്ചുള്ള പോസ്റ്ററാണ് ഇന്ന് പുറത്തുവിട്ടത്.ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ നസ്ലിൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘പ്രേമലു’. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ മറ്റു വേഷങ്ങളിൽ എത്തുന്നത്.നസ്ലിനും മമിതയും ആദ്യമായാണ് നായകനും നായികയുമായി അഭിനയിക്കുന്നത്. റൊമാന്റിക് കോമഡിയാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് പോസ്റ്ററുകൾ നൽകുന്ന സൂചന. ടെെറ്റിലും അതാണ് സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആയിരുന്നു ആരംഭിച്ചത്.