Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം വിട്ട ഓട്ടോ കടലിലേക്ക് വീണു. ഓടയം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഫറൂക്കിനെ(46) കാണാനില്ല. ഇന്നലെ രാത്രി 8.30 യോടെയാണ് സംഭവം.
കുന്നിന് മുകളിൽ നിന്ന് 60 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോ വീണത്. മാന്തറ ക്ഷേത്രത്തിന് പിറകുവശത്ത് വർക്കല ഫോർമേഷൻ്റെ ഫെയ്സ് ഒന്നായ മാന്തറ മലമുകളിൽനിന്നാണ് ഓട്ടോ കടലിലേക്ക് വീണത്.
മലയടിവാരത്തെ കടൽതീരത്തെ കരിങ്കൽഭിത്തിലേക്ക് വീണ ഓട്ടോ പൂർണ്ണമായും തകർന്നു.
അപകടം അറിഞ്ഞ് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. അഗ്നിശമന സേനാംഗങ്ങൾ കടലിൽ തെരച്ചിൽ നടത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായില്ല. പ്രദേശത്ത് വൈദ്യുതി വിളക്കുകളൊന്നുമില്ലാത്തതിനാൽ കൂരിരുട്ടും കടൽക്ഷോഭവും രക്ഷാദൗത്യത്തെ പ്രതികൂലമായി ബാധിച്ചു.
നാട്ടുകാരും മൽസ്യത്തൊഴിലാളികളും രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
Kerala News Today