OBITUARY NEWS WAYANAD :വയനാട്: വയനാട് സുല്‍ത്താന്‍ ബത്തേരിക്കടുത്തുള്ള വാകേരിയില്‍ യുവാവിനെ കടുവ കൊലപ്പെടുത്തി. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പില്‍ പ്രജീഷ് (36) ആണ് മരിച്ചത്. പുല്ല് പറിക്കാൻ പോയ പ്രജീഷിന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കടുവയെ പിടികൂടാനുള്ള നടപടികള്‍ തുടങ്ങി.ക്ഷീര കര്‍ഷകനായ പ്രജീഷ് രാവിലെ പുല്ല് പറിക്കാനായി വീടിനടുത്തുള്ള കാടുമൂടിയ ഭാഗത്തേക്ക് പോയപ്പോഴാണ് കടുവ ആക്രമിച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലെത്താതിനെ തുടര്‍ന്ന് സഹോദരനും സുഹൃത്തുകളും നടത്തിയ തെരച്ചിലിലാണ് വൈകുന്നേരം നാല് മണിയോടെ പൊന്തക്കാട്ടില്‍ മൃതദേഹം കണ്ടെത്തിയത്. വന്യമൃഗശല്യത്താല്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന പ്രദേശമാണ് വാകേരി.സംഭവത്തില്‍ പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ എത്താതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ നിലപാടെടുത്തു. ഒടുവില്‍ സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീമും ഐസി ബാലകൃഷ്ണന്‍ എംഎല്‍എയും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജനപ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.