Kerala News Today-തിരുവനന്തപുരം: അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടൽ, കേരള-കർണാടക തീരം, ലക്ഷദ്വീപ്, മാലി ദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രതാ നിർദേശമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മത്സ്യത്തൊഴിലാളികൾക്ക് നൽകിയിരിക്കുന്നത്. ഇന്നും നാളെയും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്‌നാട്, അതിനോട് ചേർന്നുള്ള ശ്രീലങ്കൻ തീരം എന്നീ പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. സംസ്ഥാനത്ത് വേനൽ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. ഇന്ന് തെക്കൻ കേരളത്തിലും, മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിൻ്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Kerala News Today