Kerala News Today-ആലപ്പുഴ: വണ്ടാനത്ത് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ കെട്ടിടത്തിൽ തീപിടുത്തം. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് മെഡിക്കൽ കോളേജിന് അടുത്തുള്ള പ്രധാന സംഭരണശാലക്ക് സമീപത്തെ കെട്ടിടത്തിൽ തീയും പുകയും ഉയർന്നത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് അര മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. കൂടുതൽ നാശ നഷ്ടം ഉണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. രാസവസ്തുക്കളുടെ ഗന്ധം പടർന്നത് ആശങ്ക ഉയർത്തി.
ബ്ലീച്ചിങ് പൗഡറിന് തീപിടിച്ച് തീ പടർന്നുവെന്നാണ് ഇവിടെ നിന്നുള്ള പ്രാഥമിക വിവരം. രണ്ടു ദിവസം മുമ്പ് ഗോഡൗണിൽ ഫയർ ഓസിറ്റിംഗ് നടത്തിയിരുന്നുവെന്നും അതുകൊണ്ടാണ് മരുന്ന് ഗോഡൗണിലെ തീ പെട്ടെന്ന് അണക്കാനായതെന്നും ഗോഡൗൺ മാനേജർ പറഞ്ഞു. ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീ ആദ്യം ഉണ്ടായത്. ഇതിന് കാരണം വ്യക്തമായിട്ടില്ല.
രണ്ട് മുറികളിലായാണ് പൗഡർ സൂക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊട്ടടുത്ത മരുന്ന് ഗോഡൗണിലേക്കും തീ പടർന്നെങ്കിലും ഓട്ടോമാറ്റിക് സംവിധാനം പ്രവർത്തിച്ചതിനാൽ പെട്ടെന്ന് തന്നെ തീ അണയുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചാണ് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയത്. നേരത്തെ കോർപറേഷൻ്റെ കൊല്ലത്തെയും തിരുവനന്തപുരത്തെയും മരുന്ന് ഗോഡൗണുകൾക്ക് തീപിടിച്ചിരുന്നു.
Kerala News Today