പുതുവർഷത്തിൽ ഫോർട്ട് കൊച്ചിയിൽ രണ്ടിടത്ത് പപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകി ഹൈക്കോടതി. ഉപാധികളോടെയാണ് വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്. പരേഡ് ഗ്രൗണ്ടിനു പുറമേ വെളി മൈതാനത്തു കൂടി പപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തടഞ്ഞ പൊലീസിന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഉപാധികളോടെയാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. കൃത്യമായ സുരക്ഷാ അകലം പാലിക്കാൻ ഹൈക്കോടതി നിർദേശം നൽകി. പാപ്പാഞ്ഞിയുടെ ചുവട്ടിൽ നിന്ന് 70 അടി അകലത്തിൽ സുരക്ഷാ ബാരിക്കേഡ് നിർമ്മിക്കണമെന്നും കോടതി നിർദേശിച്ചു. പൊലിസ് നോട്ടീസ് ചോദ്യം ചെയ്ത് സംഘാടകരായ ഗാല ഡി ഫോർട്ട് കൊച്ചി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ അനുമതി. ഫോർട്ടുകൊച്ചിയിലെ വെളി മൈതാനത്ത് ഗാലാ ഡി ഫോർട്ടുകൊച്ചി നിർമ്മിക്കുന്ന 50 അടി ഉയരമുള്ള പപ്പാഞ്ഞിയുടെ നിർമ്മാണം തടഞ്ഞു കൊണ്ടാണ് പൊലീസ് സംഘാടകർക്ക് നോട്ടീസ് നൽകിയിരുന്നത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പപ്പാഞ്ഞി പൊളിച്ചുമാറ്റാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. കൊച്ചി കാര്‍ണിവലിന്റെ ഭാഗമായി സുരക്ഷ ഒരുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.
