Latest Malayalam News - മലയാളം വാർത്തകൾ

ഇത് ഇന്ത്യൻ അപ്പോകാലിപ്റ്റോയോ എന്ന് പ്രേക്ഷകർ; ഞെട്ടിച്ച് ‘തങ്കലാൻ’ ടീസർ

ENTERTAINMENT NEWS-പ്രഖ്യാപന നാൾ മുതലേ ആരാധകരും ചലച്ചിത്ര പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാൻ.
വിക്രമിന്റെ ഇതുവരെ കാണാത്ത രൂപഭാവങ്ങളും താരവും പാ രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്നതെല്ലാമായിരുന്നു ചർച്ചയാവാനുള്ള പ്രധാന കാരണം.
സിനിമയുടെ ​ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്.

കോലാർ സ്വർണ ഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കൽ ആക്ഷൻ ചിത്രമാണ് തങ്കലാൻ.
വിക്രം ആരാധകരേയും സിനിമാ പ്രേമികളേയും പിടിച്ചിരുത്തുന്ന എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ടാവുമെന്ന സൂചനയാണ് ടീസർ തരുന്നത്.
2024 ജനുവരി 26-ന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തങ്കലാൻ തിയേറ്ററുകളിലെത്തും. കഥാപാത്രത്തിനായുള്ള വിക്രമിന്റെ തയ്യാറെടുപ്പുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മേക്കിങ് വീഡിയോയിൽ നേരത്തേ പുറത്തിറക്കിയിരുന്നു.

പാർവതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാർ. പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. നച്ചത്തിരം നഗർകിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. സംവിധായകൻ പാ രഞ്ജിത്തും തമിഴ് പ്രഭും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

അഴകിയ പെരിയവൻ സംഭാഷണവും എ കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. എസ്.എസ്. മൂർത്തിയാണ് കലാ സംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീതസംവിധാനം. കെ.യു. ഉമാദേവി, അരിവ്, മൗനൻ യാത്രിഗൻ എന്നിവരുടേതാണ് വരികൾ. നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Leave A Reply

Your email address will not be published.