KERALA NEWS TODAY – കൊച്ചി: ലൈഫ് മിഷന് കേസില്‍ ജാമ്യം ലഭിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ജയില്‍ മോചിതനായി.
എറണാകുളം ജില്ലാ ജയിലില്‍നിന്ന് വ്യാഴാഴ്ച ഉച്ചയോടെ അദ്ദേഹം പുറത്തിറങ്ങി. നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി അദ്ദേഹത്തിന് ബുധനാഴ്ച സുപ്രീംകോടതി രണ്ടുമാസത്തെ ഇടക്കാല ജാമ്യമനുവദിച്ചിരുന്നു. കര്‍ശന വ്യവസ്ഥകളോടെയായിരുന്നു ജാമ്യം.
ഉത്തരവുകളും അനുബന്ധ രേഖകളും ഹാജരാക്കി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കാക്കനാട്ടെ ജില്ലാ ജയിലില്‍നിന്ന് ശിവശങ്കര്‍ പുറത്തിറങ്ങിയത്. ജാമ്യകാലയളവില്‍ ശിവശങ്കര്‍ തന്റെ വീടിനും ആശുപത്രിക്കും സമീപപ്രദേശങ്ങളിലൊഴികേ മറ്റിടങ്ങളില്‍ പോകാന്‍ പാടില്ലെന്ന് കര്‍ശന വ്യവസ്ഥയുണ്ട്.
സാക്ഷികളെ സ്വാധീനിക്കരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 14-നാണ് ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ അറസ്റ്റുചെയ്യുന്നത്.
170 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് ഇപ്പോള്‍ ശിവശങ്കര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ജയിലില്‍നിന്നിറങ്ങിയശേഷം നേരെ വീട്ടിലേക്കാണ് പോയത്.
നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് എറണാകുളം മെഡിക്കല്‍ കോളേജ് നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. ഇ.ഡി.യുടെ ശക്തമായ എതിര്‍പ്പ് മറികടന്നായിരുന്നു ഇത്.