Latest Malayalam News - മലയാളം വാർത്തകൾ

NSSന്റെ നാമജപയാത്ര കേസ്: നമുക്ക് അഭിഭാഷകരും നിയമവുമെല്ലാമുണ്ടല്ലോ- NSS വൈസ് പ്രസിഡന്റ്

KERALA NEWS TODAY – തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ പോലീസ് കേസെടുത്തതില്‍ പ്രതികരണവുമായി എ.എന്‍.എസ് വൈസ് പ്രസിഡന്റും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ എം. സംഗീത് കുമാര്‍.
കേസിനെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം അറിയിച്ചു. സംഗീത് കുമാറിനെ ഒന്നാംപ്രതിയും കണ്ടാലറിയാവുന്ന ആയിരം എന്‍.എസ്.എസ്. പ്രവര്‍ത്തകരെ പ്രതിചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്‍.എസ്.എസ്. ഭാരവാഹിയെന്ന നിലയില്‍ കോട്ടയം ചങ്ങനാശ്ശേരിയിലെ വിലാസമാണ് തിരുവനന്തപുരത്ത് താമസിക്കുന്ന സംഗീത് കുമാറിന്റേതായി എഫ്.ഐ.ആറില്‍ ചേര്‍ത്തിരിക്കുന്നത്.

‘കേസെടുത്തത് മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. കേസെടുക്കട്ടേ, നിയമപരമായി നേരിടും.
ഗണപതി ഭഗവാനും വിശ്വാസത്തിനും വേണ്ടി യാതൊരു പ്രകോപനവുമില്ലാതെ സമാധാനപരമായി സംഘടിപ്പിച്ച പരിപാടിയാണ്.
കേസെടുത്തു എന്നതുകൊണ്ട് പ്രതിഷേധത്തില്‍നിന്ന് പിന്നോട്ടുപോകില്ല. കേസെടുത്തോട്ടെ, നമുക്ക് അഭിഭാഷകരും നിയമവുമെല്ലാമുണ്ടല്ലോ?’, സംഗീത് കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

പോലീസിനെ അറിയിച്ചാണ് പ്രതിഷേധം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. സിറ്റി പോലീസ് കമ്മിഷണര്‍, ഫോര്‍ട്ട് എ.സി, കന്റോണ്‍മെന്റ് എ.സി, ഡി.ജി.പി. എന്നിവരെ മെയില്‍ വഴി അറിയിച്ചിരുന്നു. തുടര്‍പ്രതിഷേധം എന്‍.എസ്.എസ്. നേതൃത്വം ആലോചിച്ച് തീരുമാനിക്കും.
വിഷയത്തില്‍ എല്ലാ പ്രതികരണങ്ങളും നേതൃത്വം അവലോകനംചെയ്യും. അതനുസരിച്ച് ഭാവി പരിപാടികള്‍ ആസൂത്രണംചെയ്ത് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വൈകാരികമായ കാര്യങ്ങളാണ്. ഗണപതിയേയൊന്നും ആക്ഷേപിക്കേണ്ട കാര്യമില്ല.
ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ആളുകള്‍ അങ്ങനെയൊന്നും ചെയ്യേണ്ട കാര്യമില്ല. ഞങ്ങളാരേയും ആക്ഷേപിക്കുന്നില്ലല്ലോ?’, അദ്ദേഹം ചോദിച്ചു.

Leave A Reply

Your email address will not be published.