WORLD TODAY – സൂറിച്ച് : എൻപതുകളിൽ പോപ് സംഗീതലോകം അടക്കിവാണ അമേരിക്കൻ ഗായിക ടിന ടേണർ (83) അന്തരിച്ചു.
ദീർഘനാളായി രോഗബാധിതയായിരുന്നു. സ്വിറ്റ്സ്വർലൻഡിലെ സൂറിച്ചിലുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യമെന്ന് അവരുടെ ഏജന്റ് അറിയിച്ചു.
റോക്ക് ആൻഡ് റോൾ സംഗീതശാഖയിൽ പകരംവയ്ക്കാനില്ലാത്ത പേരായിരുന്നു ടിനയുടേത്. 1950കളിൽ കരിയർ ആരംഭിച്ച ഇവരെ ‘ക്വീൻ ഓഫ് റോക്ക് ആൻഡ് റോൾ’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
യുഎസിലെ ടെന്നസിയിൽ 1939 നവംബർ 26നായിരുന്നു ജനനം. അന്ന മേ ബുള്ളോക്ക് എന്നായിരുന്നു പേര്. ലിറ്റിൽ ആൻ എന്ന പേരിൽ ആണ് ആദ്യ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. റോക്ക് ആൻഡ് റോൾ സംഗീതശാഖയ്ക്ക് ആളുകൾക്കിടയിൽ വൻജനപ്രീതി അവർ നേടിക്കൊടുത്തു.
80കളിൽ ന്യൂയോർക്കിന്റെ ഫാഷൻ ഐക്കൺ കൂടിയായിരുന്നു അവർ. കറുത്ത വംശജരായ സ്ത്രീകൾക്ക് പ്രചോദനമായിരുന്നു ടിനയുടെ ജീവിതം.
1975ൽ ടോമി, 1985ൽ മാഡ് മാക്സ് ബിയോണ്ട് തണ്ടർഡോം, പിന്നീട് വാട്സ് ലവ് ഗോട്ട് ടു ഡു വിത് ഇറ്റ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.
12 ഗ്രാമി അവാർഡുകൾ നേടിയിട്ടുണ്ട്. മൂന്ന് ഗ്രാമി ഹാൾ ഓഫ് ഫെയിം അവാർഡും ഗ്രാമി ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡും ഇതിൽ ഉൾപ്പെടും.