വത്തിക്കാൻ : ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാളായി സ്ഥാനമേറ്റു. ഇന്ത്യൻ സഭാചരിത്രത്തിലാദ്യമായിട്ടാണ് വൈദികരിൽ നിന്നും ഒരാളെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉള്‍പ്പെടെയുള്ള 21 പേരുടെ സ്ഥാനാരോഹണ ചടങ്ങിന് മുഖ്യ കാര്‍മികത്വം വഹിച്ചത്. പൗരോഹിത്യത്തിന്‍റെ 20ാം വര്‍ഷത്തിലാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉന്നത പദവിയിലേക്ക് ഉയര്‍ത്തപെടുന്നത്. ഇന്ത്യൻ സമയം രാത്രി എട്ടരയോടെയാണ് കർദിനാൾ സ്ഥാനാരോഹണ ചടങ്ങുകള്‍ ആരംഭിച്ചത്. ചടങ്ങുകള്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്നു. ഭാരത കത്തോലിക്ക സഭയിൽ പുതിയ അധ്യായം എഴുതിചേര്‍ത്താണ് ആര്‍ച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്‍റെ കർദിനാളായി ചുമതലയേറ്റത്. ചങ്ങനാശേരി അതിരൂപതാംഗമായ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാളായി ചുമതലയേറ്റതിന്‍റെ സന്തോഷ നിറവിലാണ് വിശ്വാസി സമൂഹം. ചടങ്ങനാശേരി ഇടവകയിലും ആഘോഷം നടന്നു. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമൊക്കെയാണ് ചങ്ങനാശേരി ഇടവകയിലെ വിശ്വാസികള്‍ സ്ഥാനാരോഹണം ആഘോഷമാക്കിയത്.