ENTERTAINMET NEWS-ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ടൈഗര്‍ ഷ്‌റോഫിന്റെ ബോളിവുഡ് ചിത്രം ‘ഗണപത്’.
വികാസ് ബാല്‍ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ ആദ്യദിന വരുമാനം വെറും 2 കോടിയായിരുന്നു. ഒക്ടോബര്‍ 20-ന് റിലീസ് ചെയ്ത ചിത്രം ആറ് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ 11.4 കോടി മാത്രമാണ് ആഗോള ബോക്‌സ് ഓഫീസില്‍നിന്ന് നേടിയത്.
രണ്ടാം ദിനം ചിത്രത്തിന്റെ വരുമാനം കുത്തനെ കുറഞ്ഞു. വാരാന്ത്യത്തിലും ചിത്രത്തിന് കാര്യമായ കളക്ഷന്‍ ഉണ്ടായിരുന്നില്ല. അമിതാഭ് ബച്ചന്‍, കൃതി സനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 200 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് ജാക്കി ബഗ്‌നനാനി, വശു ബഗ്‌നാനി, വികാസ് ബല്‍ എന്നിവര്‍ ചേര്‍ന്നാണ്. 2070-ല്‍ ലോകത്തു നടക്കുന്ന സംഭവങ്ങളാണ് സിനിമയയുടെ പ്രമേയം.
ടൈഗര്‍ ഷ്രോഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമാകും ഈ ചിത്രമെന്ന് വിലയിരുത്തപ്പെടുന്നു. പല തിയേറ്ററുകളിലും ആളില്ലാത്തതിനാല്‍ പ്രദര്‍ശനം നിര്‍ത്തി വച്ചിരിക്കുകയാണ്. ‘യാരിയാന്‍ 2’-വിനൊപ്പമായിരുന്നു ‘ഗണപതി’ന്റെ റിലീസ്. ‘ബാംഗ്ലൂര്‍ ഡെയ്‌സി’ന്റെ ഹിന്ദി റീമേക്കായ ‘യാരിയാന്‍ 2’-നും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 2.02 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. രാധികാ റാവു, വിനയ് സാപ്രു എന്നിവര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ടീ സീരീസാണ്. ദിവ്യ ഘോസ്ല കുമാര്‍, പേള്‍ പുരി, എന്നിവര്‍ക്കൊപ്പം മലയാളി താരങ്ങളായ പ്രിയ പ്രകാശ്, അനശ്വര രാജന്‍ എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നു.
അതേസമയം, ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലെത്തിയ ചിത്രം ഗംഭീരപ്രകടനവുമായി ബോക്‌സ് ഓഫീസില്‍ കുതിയ്ക്കുകയാണ്. ഹിന്ദി ബെല്‍റ്റില്‍നിന്ന് 20 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ആഗോളവ്യാപകമായി ചിത്രത്തിന്റെ വരുമാനം 500 കോടി കവിഞ്ഞു.