Latest Malayalam News - മലയാളം വാർത്തകൾ

“എഐ ക്യാമറയുടെ മറവില്‍ 100 കോടിയുടെ അഴിമതി”- വി.ഡി.സതീശന്‍

KERALA NEWS TODAY – കൊച്ചി: എഐ ക്യാമറയുടെ മറവില്‍ 100 കോടിയുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടി മാത്രമാണ് കണക്കാക്കിയത്. ഇതാണ് 151 കോടിയുടെ കരാറില്‍ എത്തിയതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഉപകരാറിനായി രൂപവത്കരിച്ച കണ്‍സോര്‍ഷ്യത്തിന്റെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവായ പ്രകാശ് ബാബു പങ്കെടുത്തുവെന്നും സതീശന്‍ ആരോപിച്ചു.
പ്രകാശ് ബാബുവാണ് യോഗത്തില്‍ ഏറ്റവും കൂടുതല്‍ സമയം സംസാരിച്ചതെന്നും ഇത് സ്വപ്‌ന പദ്ധതിയാണെന്ന് കമ്പനി പ്രതിനിധികളോട് പറഞ്ഞതായും സതീശന്‍ പറഞ്ഞു.

‘കണ്‍ട്രോള്‍ റൂമടക്കം എല്ലാ ഉപകരണങ്ങളും ഉള്‍പ്പടെ 57 കോടിയാണ് ട്രോയിസ് പ്രൊപോസ് നല്‍കിയിരിക്കുന്നത്.
അതു തന്നെ യഥാര്‍ത്ഥത്തില്‍ 45 കോടിക്ക് ചെയ്യാന്‍ പറ്റുന്നതാണ്. എന്നാല്‍ 151 കോടിക്കാണ് ടെന്‍ഡര്‍ നല്‍കിയത്.
എസ്ആര്‍ഐടിക്ക് ആറ് ശതമാനം വെറുതെ കമ്മീഷന്‍ കിട്ടി.
ബാക്കി തുക എല്ലാവരും കൂടി വീതിച്ചെടുക്കാനായിരുന്നു പദ്ധതി. വിചിത്രമായ തട്ടിപ്പാണ് പദ്ധതിയില്‍ നടന്നിരിക്കുന്നത്’ സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാരിനെ നൂറ് കോടി പറ്റിച്ചത് കൂടാതെ ഹൈദരാബാദ് കമ്പനിയെ 25 കോടി രൂപയും പറ്റിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ബന്ധു പദ്ധതിയില്‍ ഇടപ്പെട്ടതിന് തെളിവുണ്ടോ എന്ന് മന്ത്രി രാജീവ് കഴിഞ്ഞ ദിവസം വെല്ലുവിളിച്ചു.
എസ്ആര്‍ഐടിയും അല്‍ഹിന്ദും പ്രസാദിയോയും ചേര്‍ന്ന് രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന്റെ ആദ്യത്തെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബു പങ്കെടുത്തുവെന്ന് ഞങ്ങള്‍ പറയുന്നു. പങ്കെടുക്കുക മാത്രമല്ല അദ്ദേഹമാണ്‌ യോഗത്തില്‍ ഏറ്റവും കൂടുതല്‍ സമയം സംസാരിച്ചത്.
ഇതൊരു സ്വപ്‌ന പദ്ധതിയാണ്, ഇത് കേരളത്തില്‍ ചെയ്ത് തീര്‍ത്താല്‍ ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും നമുക്ക് ചെയ്യാന്‍ സാധിക്കുമെന്നും പ്രകാശ് ബാബു യോഗത്തില്‍ പറഞ്ഞു.
ഈ കണ്‍സോര്‍ഷ്യല്‍ പണം നഷ്ടമായ കമ്പനികള്‍ പ്രകാശ് ബാബുവിനെ പിന്നീട് സമീപിച്ചിട്ടുണ്ടോ…ഇതിന് മറുപടി പറയാന്‍ മന്ത്രി രാജീവോ മുഖ്യമന്ത്രിയോ മുന്നോട്ട് വരുമോ’ സതീശന്‍ ചോദിച്ചു.

അന്വേഷണം നടത്തിയാല്‍ മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തതിന്റെ രേഖ ഹാജരാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഉപകരാറില്‍ ഉള്‍പ്പെട്ട ഒരു കമ്പനിയുടെ ഏതോ ഒരാള്‍ ഗസ്റ്റ്ഹൗസ് ഉപയോഗിച്ചതിന് പണം നല്‍കാനുണ്ടെന്ന് കാണിച്ചത് മാത്രമാണ് മുഖ്യമന്ത്രിയുടെ ബന്ധുവിന് പദ്ധതിയുമായുള്ള ബന്ധം എന്നാണ് കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞിരുന്നത്.

Leave A Reply

Your email address will not be published.