Latest Malayalam News - മലയാളം വാർത്തകൾ

കൊച്ചി സ്മാർട് സിറ്റി പദ്ധതിയിൽ നടന്ന ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് വി.മുരളീധരൻ

തിരുവനന്തപുരം : കൊച്ചി സ്മാർട് സിറ്റി പദ്ധതിക്ക് പിന്നിൽ നടന്ന ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. വീഴ്ച വരുത്തിയവർക്കെതിരെ നിയമ നടപടി വേണം. റിയല്‍ എസ്റ്റേറ്റ് കമ്പനിയെ ഐടി പാര്‍ക്ക് തുടങ്ങാന്‍ ക്ഷണിച്ച യുഡിഎഫിൽ തുടങ്ങി കരാർ പാലിക്കാത്തവർക്ക് നഷ്ടപരിഹാരം കൊടുക്കാനുള്ള എൽഡിഎഫ് തീരുമാനം വരെ വലിയ ജനവഞ്ചനയും അഴിമതിയുമാണ് കൊച്ചി സ്മാർട് സിറ്റിക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. പദ്ധതി മുടങ്ങിയാല്‍ ടീകോമിന്റെ ഇതുവരെയുള്ള നിക്ഷേപവും മുടക്കുമുതലും കണ്ടുകെട്ടാമെന്നുള്ള വ്യവസ്ഥയുണ്ട് കരാറിലെന്ന് വി.മുരളീധരൻ പറഞ്ഞു. അത് ചെയ്യാതെ കാശ് അങ്ങോട്ട് കൊടുക്കുകയാണ്. ഏറ്റെടുത്ത പണി പൂർത്തിയാക്കാതെ വരുമ്പോൾ അങ്ങോട്ട് പണം കൊടുക്കുന്നത് വിചിത്രമാണ്.

ഐടി വ്യവസായത്തിൽ വൈദഗ്ധ്യം ഇല്ല എന്നറിഞ്ഞ് തന്നെയാണ് യുഡിഎഫും എല്‍ഡിഎഫും ദുബായ് കമ്പനിയെ പ്രോത്സാഹിപ്പിച്ചത്. സാധ്യതാ പഠനം നടത്തുകയോ ഡിപിആർ തയാറാക്കുകയോ താൽപര്യപത്രം ക്ഷണിക്കുകയോ ചെയ്തില്ല എന്നത് ദുരൂഹമാണ്. 2011ൽ തുടങ്ങി 2021ൽ പൂർത്തിയാക്കേണ്ട പദ്ധതിയിൽ കാര്യമായ ഒരു പുരോഗതിയും ഇല്ലാതിരുന്നിട്ടും ആരും ഇടപെട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വിശ്വസിച്ച് ഭൂമി വിട്ടുകൊടുത്താല്‍ അവസാനം എന്ത് സംഭവിക്കും എന്നതിന്റെ  ഉദാഹരണമാണ് കൊച്ചി സ്മാർട് സിറ്റിയെന്നും മുൻകേന്ദ്രമന്ത്രി പ്രതികരിച്ചു. ആളുകള്‍ ലോണെടുത്ത് പെട്ടിക്കട തുടങ്ങിയതിനെ സര്‍ക്കാര്‍ കൊണ്ടുവന്ന സംരംഭം എന്ന് അഭിമാനിക്കുന്നവര്‍ നാട് ഭരിക്കുമ്പോള്‍ ഇതിലപ്പുറവും നടക്കും എന്ന് മാത്രമാണ് പറയാനുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

Leave A Reply

Your email address will not be published.