Latest Malayalam News - മലയാളം വാർത്തകൾ

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ്; ബാബുവിന്റെ ഹര്‍ജിയിൽ സുപ്രീംകോടതി നോട്ടീസ്, രണ്ടാഴ്ചകഴിഞ്ഞ് പരിഗണിക്കും

KERALA NEWS TODAY – ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ കെ. ബാബു നല്‍കിയ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു.
ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്.
ഹര്‍ജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.

മതചിഹ്നം ഉപയോഗിച്ച് വോട്ട് അഭ്യര്‍ഥിച്ചെന്ന് ആരോപിച്ച് ബാബുവിനെതിരേ ഫയല്‍ചെയ്ത തിരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെ ചോദ്യംചെയ്താണ് കെ. ബാബു സുപ്രീംകോടതിയെ സമീപിച്ചത്.
തിരഞ്ഞെടുപ്പ് ഹര്‍ജികള്‍ ഫയല്‍ ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ എതിര്‍കക്ഷിയായ എം. സ്വരാജ് ഹൈക്കോടതിയില്‍ പാലിച്ചില്ലെന്ന് ബാബുവിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സി.യു. സിങ്ങും അഭിഭാഷകന്‍ റോമി ചാക്കോയും വാദിച്ചു. തുടര്‍ന്നാണ് കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചത്.

എം. സ്വരാജിനുവേണ്ടി അഭിഭാഷകന്‍ പി.വി. ദിനേശ് നോട്ടീസ് സ്വീകരിച്ചു. 2021-ലെ തിരഞ്ഞെടുപ്പ് കേസാണെന്നും അതിനാല്‍ എത്രയുംവേഗം ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുശേഷം ഹര്‍ജി പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.

Leave A Reply

Your email address will not be published.