Latest Malayalam News - മലയാളം വാർത്തകൾ

ചന്ദ്രന് കരുതിയിരുന്നതിനേക്കാള്‍ പ്രായമുണ്ട്

NATIONAL NEWS-ചന്ദ്രന് ഇതുവരെ കരുതിയിരുന്നതിനേക്കാള്‍ പഴക്കമുണ്ടെന്ന് നിരീക്ഷണം.
അപ്പോളോ 17 ദൗത്യത്തില്‍ ചന്ദ്രനിലെത്തിയ സഞ്ചാരികള്‍ ശേഖരിച്ച സാമ്പിളുകളുടെ വിശകലനത്തിലാണ് ചന്ദ്രന് ഇതുവരെ കരുതിയിരുന്നതിനേക്കാള്‍ 40 ലക്ഷത്തിലേറെ വര്‍ഷങ്ങള്‍ കൂടുതല്‍ പഴക്കമുണ്ടെന്ന നിരീക്ഷണത്തിലെത്തിയത്.

ഏകദേശം 400 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗരയൂഥ രൂപീകരണം നടന്നുകൊണ്ടിരിക്കുന്ന കാലത്ത് ചൊവ്വയോളം വലിപ്പമുള്ള ഒരു വസ്തു ഭൂമിയുമായി കൂട്ടിയിടിച്ചുണ്ടായതാണ് ചന്ദ്രന്‍ എന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ ഇത് സംഭവിച്ച സമയവുമായി ബന്ധപ്പെട്ട് സംവാദം നടക്കുന്നുണ്ട്.

ചിക്കാഗോ സര്‍വകലാശാല നല്‍കുന്ന വിവരം അനുസരിച്ച് ഏകദേശം 446 കോടിയോളം വര്‍ഷങ്ങളുടെ പഴക്കം ചന്ദ്രനുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്.
ജിയോകെമിക്കല്‍ പെര്‍സ്‌പെക്ടീവ് ലെറ്റേഴ്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം അനുസരിച്ച് ഇതുവരെ കരുതിയിരുന്നതിനേക്കാള്‍ 40 ലക്ഷത്തിലേറെ കാലം പഴക്കം ചന്ദ്രനുണ്ട്.
1972 ല്‍ അപ്പോളോ 17 ല്‍ ചന്ദ്രനിലെത്തിയ സഞ്ചാരികള്‍ ശേഖരിച്ച സാമ്പിളുകളാണ് ചന്ദ്രന്റെ രൂപീകരണ കാലവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കായി ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്തത്. ശാസ്ത്രജ്ഞര്‍ പരിശോധിച്ച ചന്ദ്രനില്‍ നിന്നുള്ള സാമ്പിളുകളില്‍ നൂറ് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ക്രിസ്റ്റലുകള്‍ അടങ്ങുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ചൊവ്വയുടെ വലിപ്പമുള്ള വസ്തു ഭൂമിയില്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ ഊര്‍ജത്തില്‍ ഉരുകിയ ശിലയാണ് പിന്നീട് ചന്ദ്രോപരിതലമായി മാറിയതെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം.

കൂട്ടിയിടിയുടെ ഫലമായുണ്ടായ ഊര്‍ജ്ജത്തില്‍ മാഗ്മയായി ഉരുകിയൊലിക്കുന്ന ഉപരിതലത്തില്‍ ക്രിസ്റ്റലുകള്‍ രൂപപ്പെടില്ല. അപ്പോള്‍ ലൂണാര്‍ മാഗ്മ തണുത്തുറഞ്ഞതിന് ശേഷമായിരിക്കണം അവ ചന്ദ്രോപരിതലത്തില്‍ രൂപപ്പെട്ടത്. ഗവേഷണ പഠനത്തിന് നേതൃത്വം നല്‍കിയ ചിക്കാഗോ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഫിലിപ്പ് ഹെക്ക് പറയുന്നു.

മാഗ്മ സമുദ്രം രൂപപ്പെട്ടതിന് ശേഷമാണ് ക്രിസ്റ്റലുകള്‍ രൂപമെടുത്തത് എങ്കില്‍ അവയുടെ പ്രായം കണക്കാക്കുന്നതിനൊപ്പം ചന്ദ്രന്റെ ഏകദേശ പ്രായം കണക്കാക്കാന്‍ സാധിക്കും. ‘ആറ്റം പ്രോബ് ടോമോഗ്രഫി’ എന്ന വിശകലന രീതി ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ സാമ്പിളുകളില്‍ നിന്ന് കണ്ടെത്തിയ ക്രിസ്റ്റലുകളുടെ പ്രായം കണക്കാക്കിയത്. ചന്ദ്രനെ കുറിച്ചുള്ള പഠനങ്ങള്‍ നമ്മുടെ ഭൂമിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാനും സഹായിക്കും.

Leave A Reply

Your email address will not be published.