KERALA NEWS TODAY – കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരേ എക്സൈസ് രജിസ്റ്റര്‍ ചെയ്ത ലഹരിമരുന്ന് കേസ് ഹൈക്കോടതി റദ്ദാക്കി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീല സണ്ണി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
എക്സൈസ് പിടിച്ചെടുത്തത് എല്‍.എസ്.ഡി. ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബ് പരിശോധനയില്‍ തെളിഞ്ഞതായും അതിനാല്‍ തനിക്കെതിരേയുള്ള കേസ് റദ്ദാക്കണമെന്നുമായിരുന്നു ഷീല ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ഇത് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
അതിമാരക ലഹരിമരുന്നായ എല്‍.എസ്.ഡി. സ്റ്റാമ്പ് കൈവശംവെച്ചെന്നും വില്‍പ്പന നടത്താന്‍ ശ്രമിച്ചെന്നുമുള്ള കേസില്‍ ഫെബ്രുവരിയിലാണ് ഷീലയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഷീലയുടെ വാഹനത്തില്‍നിന്ന് 12 എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍ പിടിച്ചെടുത്തതായും എക്സൈസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ പിടിച്ചെടുത്തത് എല്‍.എസ്.ഡി. സ്റ്റാമ്പുകളല്ലെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി. ഇതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്.
വ്യാജലഹരിക്കേസില്‍ അറസ്റ്റിലായ ഷീല സണ്ണി 72 ദിവസമാണ് ജയില്‍വാസം അനുഭവിച്ചത്. ഒടുവില്‍ മേയ് മാസത്തിലാണ് കോടതി ഷീലയ്ക്ക് ജാമ്യം അനുവദിച്ചത്. ഷീലയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.സതീഷിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ എക്സൈസ് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിവരികയാണ്.