SPORTS NEWS Ahmedabad:അഹമ്മദാബാദ്: ഇന്ത്യയെ 6 വിക്കറ്റിന് തോൽപിച്ച് ഓസ്ട്രേലിയ ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കി. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ തിങ്ങനിറഞ്ഞ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കിയാണ് 241 വിജയലക്ഷ്യം ഓസ്ട്രേലിയ മറികടന്നത്. തുടക്കത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി പ്രതീക്ഷ നൽകിയെങ്കിലും സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്ഡ് (137 റണ്‍സ്) ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുത്തു. മറുവശത്ത് ലബുഷെയ്ൻ ഹെഡ്ഡിന് ശക്തമായ പിന്തുണ നൽകി നിലയുറപ്പിച്ചതും ഇന്ത്യൻ പ്രതീക്ഷകളെ തല്ലിക്കെടുത്തി.
ട്രാവിസ് ഹെഡ് 4സിക്സറുകളും 15 ഫോറുകളും സഹിതം 120 പന്തുകളിൽ നിന്ന് 137 റൺസ് നേടി. മാർനസ് ലബുഷെയ്ൻ 110 പന്തുകളിൽ 58 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. വിജയം ഉറപ്പിച്ചശേഷം 43ാം ഓവറിലാണ് ട്രാവിസ് ഹെഡ് പുറത്തായത്. സിറാജിനെ സിക്സടിക്കാനുള്ള ശ്രമം ഗില്ലിന്റെ കൈകളിൽ അവസാനിച്ചു.
241 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ 7 റൺസെടുത്ത ഓപ്പണർ ഡേവിഡ് വാർണറാണ് ആദ്യം പുറത്തായത്. മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറിൽ സ്ലിപ്പിൽ വിരാട് കോഹ്ലിക്ക് ക്യാച്ച് നൽകിയാണ് വാർണർ പുറത്തായത്. പിന്നാലെ എത്തിയ മിച്ചൽ മാർഷിനെ അഞ്ചാം ഓവറിൽ ബുംറ പുറത്താക്കി. 15 റൺസ് നേടിയ മാർഷിനെ ബുമ്ര വിക്കറ്റ് കീപ്പർ കെ എൽ രാഹുലിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 4 റൺസെടുത്ത് സ്റ്റീവ് സ്മിത്തിനെ ഏഴാം ഓവറിൽ ബുംറ പുറത്താക്കിയതോടെ ഗ്യാലറി ഇളകി മറിഞ്ഞു.