Kerala News Today-പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ വെട്ടിക്കൊന്ന ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ.
റാന്നി സ്വദേശി അതുൽ സത്യനാണ് പിടിയിലായത്. പുതുശേരി മലയിലെ ആൾത്താമസം ഇല്ലാത്ത വീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്.
മലർവാടി ജംഗ്ഷന് സമീപം താമസിക്കുന്ന രജിതമോളെ ആണ് ഒപ്പം കഴിഞ്ഞിരുന്ന അതുൽ ഇന്നലെ രാത്രി വെട്ടിക്കൊന്നത്.
12 മണിക്കൂർ നീണ്ട അന്വേഷണത്തിന് ശേഷമാണ് പ്രതിയെ റാന്നി പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആക്രമണത്തിൽ പ്രതിക്ക് സാരമായ പരിക്കേറ്റിരുന്നു.
കസ്റ്റഡിയിൽ എടുത്ത പ്രതിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 8.30 ഓടെയാണ് ഒപ്പം താമസിച്ചിരുന്ന രഞ്ജിതയെ ഇയാൾ വീട്ടിൽ കയറി വാൾ കൊണ്ട് വെട്ടികൊലപ്പെടുത്തിയത്. സംഭവ ശേഷം അതുൽ ഇവിടെ നിന്നു കടന്നുകളഞ്ഞു.
ഇയാളുടെ രക്തം പുരണ്ട ഷർട്ട് വീടിനു ഒന്നര കിലോ മീറ്റർ അകലെ നിന്നും പോലീസിന് ലഭിച്ചിരുന്നു.
തലയ്ക്കും കഴുത്തിനും വെട്ടേറ്റ യുവതി സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ രഞ്ജിതയുടെ അച്ഛൻ വി എ രാജു, അമ്മ ഗീത, സഹോദരി അമൃത എന്നിവർക്കും വെട്ടേറ്റു. രാജുവിൻ്റെ നില ഗുരുതരമാണ്. മൂവരും റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച രഞ്ജിത അതുലിനെതിരെ റാന്നി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൻ്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പോലീസ് പറയുന്നു.
Kerala News Today