NATIONAL NEWS – ന്യൂഡല്‍ഹി: ഹരിയാനയിലെ നൂഹ് ജില്ലയിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ സി.പി.ഐ പ്രതിനിധി സംഘത്തെ പോലീസ് തടഞ്ഞു.
എം.പിമാരായ ബിനോയ് വിശ്വം, സന്തോഷ് കുമാര്‍ പി., സി.പി.ഐ. ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍,
സി.പി.ഐ. നേതാവ് ദര്യാവ് സിങ് കശ്യപ് എന്നിവരുള്‍പ്പെട്ട നാലംഗ സംഘത്തെയാണ് നൂഹിലെ പ്രശ്‌നബാധിത ഗ്രാമങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പോലീസ് തടഞ്ഞത്.
‘രാജ്യത്തിന്റെ ദയനീയാവസ്ഥയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇതാണ് ഇന്നിന്റെ യാഥാര്‍ഥ്യം.
സി.പി.ഐയുടെ പ്രതിനിധി സംഘമായെത്തിയ ഞങ്ങളെ പോലും പോലീസ് തടയുന്നു. ഈ ഭരണത്തിനു കീഴില്‍ സഞ്ചാരസ്വാതന്ത്ര്യത്തിനു പോലും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഗുണ്ടകള്‍ക്കും വര്‍ഗീയ വാദികള്‍ക്കും ഫാഷിസ്റ്റുകള്‍ക്കും സ്വതന്ത്രമായി രാജ്യത്ത് സ്വൈര്യവിഹാരം നടത്താം’.
പോലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് ബിനോയ് വിശ്വം എം.പി. പറഞ്ഞു.
എന്നാല്‍ സുരക്ഷ പരിഗണിച്ചാണ് സംഘത്തെ തടഞ്ഞ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഹരിയാനയില്‍ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റങ് ദളിന്റെയും നേതൃത്വത്തിലുള്ള ഘോഷയാത്രയ്ക്കിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. നൂഹിലുണ്ടായ അക്രമസംഭവങ്ങള്‍ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കുകായിരുന്നു. കലാപത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്.
വിശ്വ ഹിന്ദു പരിഷത്തിന്റെ ഘോഷയാത്ര തടയാന്‍ ഒരുവിഭാഗം നടത്തിയ ശ്രമമാണ് കലാപത്തിലേക്ക് നയിച്ചത്. പിന്നീട് കൊലപാതകങ്ങളും കടകളും വാഹനങ്ങളും തീയിട്ടു നശിപ്പിക്കലും അടക്കമുള്ളവ അരങ്ങേറി. സംഭവത്തില്‍ 176 പേര്‍ക്കെതിരേ കേസെടുക്കുകയും 90 പേരെ ജയിലിലടയ്ക്കുകയും ചെയ്തു. 41 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.