KERALA NEWS TODAY – കൊച്ചി : സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് അനധികൃതമായി ഇടപെട്ടെന്നും ജൂലൈ 21നു നടന്ന അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോടു വിശദീകരണം തേടി.
നാലു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. ഹർജി പരിഗണിച്ച ജസ്റ്റിസ് ജസ്റ്റിസ് ബസന്ത് ബാലാജി, സാംസ്കാരിക വകുപ്പ് സെക്രട്ടറിയെ കക്ഷിചേർക്കാനും നിർദേശിച്ചു. ഹർജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.
അവാർഡിനായി മത്സരിച്ച ഫീച്ചർ ഫിലിം ‘ആകാശത്തിനു താഴെ’യുടെ സംവിധായകൻ ലിജീഷ് മുള്ളേഴത്താണ്, പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
അവാർഡ് നിർണയത്തിനുള്ള ജൂറിയുടെ തീരുമാനങ്ങളിൽ രഞ്ജിത്ത് ഇടപെട്ടെന്ന് സംവിധായകൻ വിനയൻ ആരോപിച്ചിരുന്നു.
താൻ സ്വജനപക്ഷപാതത്തിന്റെ ഇരയാണെന്നും അവാർഡ് നിർണയത്തിൽ രഞ്ജിത്ത് നടത്തിയ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാരിനും ഡിജിപിക്കും നിർദേശം നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ സംവിധായകൻ വിനയന്റെ സിനിമയെ അവഗണിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് തുടങ്ങിയ വിവാദമാണ് ഇപ്പോൾ ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്.
താൻ സംവിധാനം ചെയ്ത ‘പത്തൊൻപതാം നൂറ്റാണ്ടി’നെ ബോധപൂർവം തഴയാൻ രഞ്ജിത് ജൂറി അംഗങ്ങൾക്കിടയിൽ ആശയവിനിമയം നടത്തിയെന്ന ആരോപണത്തെ സാധൂകരിക്കാൻ ജൂറി അംഗം നേമം പുഷ്പരാജിന്റെ ഫോൺ സംഭാഷണം വിനയൻ പുറത്തുവിട്ടിരുന്നു.
പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്ന ചലച്ചിത്ര അവാർഡ് നിർണയം സർക്കാർ സ്വാധീനം ഇല്ലാതാക്കാനാണ് ഹൈക്കോടതി ഇടപെടലിലൂടെ ചലച്ചിത്ര അക്കാദമിക്കു കീഴിലാക്കിയതെന്നും അതാണ് അട്ടിമറിക്കപ്പെട്ടതെന്നും വിനയൻ പറഞ്ഞു.