CRIME-കണ്ണൂർ : വെമ്മരടി കോളനിയില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് പള്ളിക്കുടിയില്‍ ഷാജി (35)യെ തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സബ് ജയിലിലേക്കയച്ചു.
പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്താന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ വെള്ളിയാഴ്ച കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന പയ്യന്നൂര്‍ ഡിവൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രന്‍ പറഞ്ഞു.
കൊലപാതകം നടന്ന വീട്ടില്‍നിന്ന് പ്രതിയുടെ, രക്തംപുരണ്ട മുണ്ടും ഷര്‍ട്ടും പോലീസ് കണ്ടെടുത്തു.
അടിച്ചുവീഴ്ത്താന്‍ ഉപയോഗിച്ച ഇരുന്പുവടിയും കഴുത്തറുക്കാന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തിട്ടുണ്ട്.
കൊലയ്ക്കുശേഷം വസ്ത്രം മാറിയെത്തിയാണ് ഷാജി പയ്യന്നൂര്‍ പോലീസില്‍ കീഴടങ്ങിയത്.
സംഭവസ്ഥലം ഉള്‍പ്പെടുന്നത് പെരിങ്ങോം സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പ്രതിയെ പെരിങ്ങോം പോലീസ് ബുധനാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷം വ്യാഴാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. വൈദ്യപരിശോധനയും നടത്തി.
നേരിയ മാനസികപ്രശ്‌നമുള്ള ഷാജിയുമായി അകന്നുകഴിയുകയായിരുന്ന പ്രസന്ന ഒരുവര്‍ഷമായി മയ്യിലിലെ വീട്ടിലായിരുന്നു താമസം. വെമ്മരടി കോളനിയിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനും കുട്ടികളുടെ സര്‍ട്ടിഫിക്കറ്റെടുക്കാനുമായി താന്‍ വീട്ടിലേക്ക് വരുന്നുവെന്ന് പ്രസന്ന ഷാജിയെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. ആയുധവുമായി വീട്ടില്‍ കാത്തിരിക്കാന്‍ ഷാജിക്ക് ഇത് അവസരമൊരുക്കിയതായി പോലീസ് സംശയിക്കുന്നു. ഇരുവരുടെയും ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ പി.സുഭാഷിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.
പ്രസന്നയുടെ മൃതദേഹം വ്യാഴാഴ്ച കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൂന്നോടെ കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ പള്ളിയത്ത് പുലയസമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.