Latest Malayalam News - മലയാളം വാർത്തകൾ

ശരീരത്തില്‍ MDMA ഒളിപ്പിച്ചുവെച്ച് സ്‌കൂട്ടറില്‍ യാത്ര; ലഹരിമരുന്ന് വിറ്റുകിട്ടിയ പണം പിടിച്ചെടുത്തു

KERALA NEWS TODAY – ശാസ്താംകോട്ട: ചില്ലറവില്‍പ്പനയ്ക്കായി ശരീരത്തില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന 11 ഗ്രാം എം.ഡി.എം.എ. യും വിറ്റുകിട്ടിയ 80,000 രൂപയുമായി യുവാവ് പിടിയില്‍.
റൂറല്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കിഴക്കേ കല്ലട പോലീസും ചേര്‍ന്ന് തന്ത്രപരമായാണ് സ്‌കൂട്ടറില്‍ വരികയായിരുന്ന ഇയാളെ ചീക്കല്‍ക്കടവില്‍വച്ച് കസ്റ്റഡിയിലെടുത്തത്.
ചാത്തന്നൂര്‍ കാരംകോട് വരിഞ്ഞം കുളത്തുങ്കരവീട്ടില്‍ റിന്‍സണ്‍ ആര്‍.എഡിസനാണ് പിടിയിലായത്.

രണ്ടുദിവസംമുമ്പ് കുണ്ടറയില്‍ 82 ഗ്രാം എം.ഡി.എം.എ. യുമായി അഞ്ചുയുവാക്കള്‍ പിടിയിലായിരുന്നു.
ആ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ വിവരശേഖരണത്തിലാണ് റിന്‍സന്റെ കച്ചവടത്തെക്കുറിച്ച് അറിവു ലഭിച്ചത്. തിങ്കളാഴ്ച ലഹരിവിരുദ്ധ സ്‌ക്വാഡും കിഴക്കേ കല്ലട പോലീസും ചേര്‍ന്നു നടത്തിയ വാഹനപരിശോധനയിലാണ് വൈകീട്ട് അഞ്ചോടെ സ്‌കൂട്ടറില്‍ വന്ന ഇയാള്‍ പിടിയിലായത്.
എം.ഡി.എം.എ. യുടെ പ്രധാന ചില്ലറവില്‍പ്പനക്കാരനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

ശരീരത്തില്‍ ഒളിപ്പിച്ചനിലയിലായിരുന്നു മയക്കുമരുന്ന്. സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന 80,000 രൂപയും മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു. കിഴക്കേ കല്ലട എസ്.എച്ച്.ഒ. സുധീഷ്‌കുമാര്‍, എസ്.ഐ. പ്രദീപ്കുമാര്‍, ജി.എസ്.ഐ. ബിന്ദുലാല്‍, ഡാന്‍സാഫ് എസ്.ഐ. ജ്യോതിഷ് ചെറുവത്തൂര്‍, എ.എസ്.ഐ. രാധാകൃഷ്ണന്‍, സി.പി.ഒ. മാരായ സാജു, വിപിന്‍ ക്ലീറ്റസ്, ദിലീപ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.