Entertainment News-കോട്ടയം: അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ചർച്ച് സെമിത്തേരിയിലാണ് സംസ്കാരം നടക്കുക.
രാവിലെ ഏഴര മുതൽ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും തുടർന്ന് പത്തു മണിയോടെ പൊങ്ങന്താനം യുപി സ്കൂളിൽ പൊതുദർശനം നടക്കും.
വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും പതിനൊന്നു മണിയോടെ വാകത്താനം ഞാലിയാക്കുഴി സെൻ്റ് മാത്യൂസ് ക്നാനായ കത്തോലിക്ക ചർചിലും പൊതുദർശനമുണ്ടാകും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാനെത്തും.
ഇന്നലെയാണ് കൊല്ലം സുധി വാഹനാപകടത്തിൽ മരണപ്പെട്ടത്. പുലർച്ചെ തൃശ്ശൂർ പറമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം.
സുധി സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ് താരം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചത്.
Entertainment News