KERALA NEWS TODAY – കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പ്രതി ഡൊമനിക് മാര്‍ട്ടിന്റെ വാഹനത്തില്‍നിന്ന് നിര്‍ണായകമായ തെളിവുകള്‍ പോലീസ് കണ്ടെടുത്തു.
മാര്‍ട്ടിന്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച നാല് റിമോര്‍ട്ടുകളാണ് കണ്ടെടുത്തത്.
മാര്‍ട്ടിന്റെ സ്‌കൂട്ടറിനുള്ളില്‍ കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇവ.
സ്‌ഫോടനത്തിന് ശേഷം കൊടകര പോലീസ് സ്‌റ്റേഷനില്‍ മാര്‍ട്ടിന്‍ കീഴടങ്ങാനെത്തിയത് സ്‌കൂട്ടറിലായിരുന്നു. മാര്‍ട്ടിനെ ഇവിടെയെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് സ്‌കൂട്ടറിനുള്ളില്‍നിന്ന് റിമോര്‍ട്ടുകള്‍ കണ്ടെടുത്തത്. ഓറഞ്ച് നിറത്തിലുള്ള എ, ബി എന്നീ രണ്ട് സ്വിച്ചുകള്‍ അടങ്ങിയ റിമോട്ടുകളാണ് കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവാണിത്.
ശനിയാഴ്ച ഉച്ചയോടെയാണ് മാര്‍ട്ടിനെ കൊടകരയിലും കൊരട്ടിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. രാവിലെ 11 മണിയോടെ കൊരട്ടിയിലെ ഹോട്ടിലിലാണ് ആദ്യം തെളിവെടുപ്പ് നടന്നത്.
സ്‌ഫോടനത്തിന് ശേഷം ഉത്തരവാദിത്വം ഏറ്റെടുത്ത് മാര്‍ട്ടിന്‍ വീഡിയോ ഉള്‍പ്പെടെ ചിത്രീകരിച്ചത് ഈ ഹോട്ടലില്‍വെച്ചായിരുന്നു. ഇവിടുത്തെ തെളിവെടുപ്പിന് ശേഷം കൊടകരയിലും തെളിവെടുപ്പ് പൂര്‍ത്തിയാക്കി.