സുപ്രിംകോടതി അറസ്റ്റ് തടഞ്ഞതോടെ നടൻ സിദ്ദിഖിനെ നോട്ടീസ് നൽകി വിളിച്ചുവരുത്താൻ അന്വേഷണസംഘം. നോട്ടീസ് കിട്ടിയാൽ ഹാജരാകുമെന്ന് സിദ്ദിഖിന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു. അതേസമയം കോടതിവിധി അനുകൂലമായിട്ടും സിദ്ദിക്കിപ്പോഴും ഒളിവിൽ തുടരുകയാണ്. അറസ്റ്റ് തടഞ്ഞെങ്കിലും അന്വേഷണവുമായി സഹകരിക്കണമെന്നാണ് സിദ്ദിഖിന് കോടതിയുടെ നിർദേശം. ഉടൻതന്നെ അന്വേഷണ ഉദ്യോഗസ്ഥർ സിദ്ദിഖിന് നോട്ടീസ് അയക്കും. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ ആകും സിദ്ദിഖ് ഹാജരാവുക. ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തും. വിചാരണ കോടതിക്ക് സിദ്ദിഖിക്കിന് ജാമ്യം നൽകാം. അതേസമയം സിദ്ദിഖിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ സംസ്ഥാന സർക്കാരിനും പരാതിക്കാരിക്കും സുപ്രീംകോടതി അവസരം നൽകിയിരുന്നു. അതിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സിദ്ദിഖ് സമയം തേടിയാൽ സുപ്രീംകോടതി അതും അനുവദിച്ചേക്കും. അങ്ങനെ കേസ് നീണ്ടുപോയാൽ അറസ്റ്റിൽ നിന്നുള്ള സംരക്ഷണവും തുടരാനാണ് സാധ്യത.