NATIONAL NEWS-ന്യൂഡൽഹി : കിഴക്കൻ ലഡാക്കിൽ നിലനിൽക്കുന്ന അതിർത്തിത്തർക്കം പരിഹരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ, ചൈന സേനാ കമാൻഡർമാർ ഇന്നു ചർച്ച നടത്തും.
അതിർത്തിയിൽ സേനാതലത്തിൽ നടത്തുന്ന 19–ാം ചർച്ചയാണിത്.
ചർച്ചയിൽ ഇന്ത്യൻ സംഘത്തെ ലേ ആസ്ഥാനമായുള്ള സേനാ കോറിന്റെ കമാൻഡർ ലഫ്.
ജനറൽ റഷിം ബാലി നയിക്കും. ദക്ഷിണാഫ്രിക്കയിൽ ഈ മാസം നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും ഒരേ വേദിയിൽ വരാനിരിക്കെയാണു സേനാതല ചർച്ച.
കഴിഞ്ഞ ഏപ്രിൽ 23ന് ആണ് ഏറ്റവുമൊടുവിൽ ഇരു സേനകളും അതിർത്തിയിൽ ചർച്ച നടത്തിയത്.
ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും ഏതാനും ആഴ്ച മുൻപു കൂടിക്കാഴ്ച നടത്തിയിരുന്നു.
2020 മേയിൽ കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ആറിടങ്ങളിൽ ചൈനീസ് സേന കടന്നുകയറിയതിനെത്തുടർന്ന് ആരംഭിച്ച സംഘർഷം ഇനിയും പൂർണമായി പരിഹരിച്ചിട്ടില്ല.
മുൻ ചർച്ചകളുടെ ഫലമായി നാലിടങ്ങളിൽ നിന്നു പിൻമാറിയെങ്കിലും ഡെപ്സങ്, ഡെംചോക് എന്നിവിടങ്ങളിൽ നിന്നു പിന്നോട്ടു നീങ്ങാൻ ചൈനീസ് സേന തയാറായിട്ടില്ല.