CRIME-ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ വീട്ടില്‍ക്കയറി വെടിവെച്ച് കൊന്നു.
ജൈത്പുര്‍ സ്വദേശിയായ പൂജ യാദവി (24) നെയാണ് രണ്ടംഗസംഘം വീട്ടില്‍ക്കയറി കൊലപ്പെടുത്തിയത്.
സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂജയുടെ കാമുകന്റെ സഹോദരനായ റോക്കിയാണ് അറസ്റ്റിലായത്.
പൂജയുമായുള്ള സഹോദരന്റെ ബന്ധം ഇയാള്‍ അംഗീകരിച്ചിരുന്നില്ലെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് തോക്കുമായെത്തിയ രണ്ടുപേര്‍ യുവതിയെ കൊലപ്പെടുത്തിയത്. മുഖംമുറച്ചെത്തിയ രണ്ടുപേരും വീട്ടില്‍ അതിക്രമിച്ചുകയറി യുവതിക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. അഞ്ചുതവണ യുവതിക്ക് വെടിയേറ്റതായാണ് വിവരം. വെടിയൊച്ച കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ ഇവരെ പിന്തുടര്‍ന്നെങ്കിലും ഇരുവരും പിന്നീട് ബൈക്കില്‍ കയറി കടന്നുകളയുകയായിരുന്നു. ഇതിനിടെ വെടിയേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കൊല്ലപ്പെട്ട പൂജയുടെ കാമുകനായ കൃഷ്ണയുടെ സഹോദരന്‍ റോക്കിയെയാണ് കേസില്‍ പോലീസ് പിടികൂടിയിട്ടുള്ളത്. കേസിലെ രണ്ടാംപ്രതിക്കായി പോലീസിന്റെ തിരച്ചില്‍ തുടരുകയാണ്.