Latest Malayalam News - മലയാളം വാർത്തകൾ

ആഡംബര കാറുകളില്‍ ഡോക്ടര്‍മാരുടെ ചിഹ്നമൊട്ടിച്ച് ലഹരിക്കടത്ത്‌; രണ്ടുപേര്‍ പിടിയില്‍

KERALA NEWS TODAY – വിയ്യൂര്‍ : ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് പുകയിലയുത്പന്നങ്ങള്‍ എത്തിക്കുന്ന സംഘത്തിലെ രണ്ടുപേരെ വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം സ്വദേശികളായ കറുപ്പംവീട്ടില്‍ റഷീദ് (37), മാങ്ങാട്ടുവളപ്പില്‍ റിഷാന്‍ (30) എന്നിവരാണ് അറസ്റ്റിലായത്.
വിയ്യൂരില്‍ വാഹനപരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. ബെംഗളൂരുവില്‍നിന്നും കോയമ്പത്തൂരില്‍നിന്നും വന്‍തോതില്‍ നിരോധിത ലഹരിവസ്തുക്കള്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന് ഇടനിലക്കാര്‍ക്ക് വില്‍ക്കുകയാണ് പ്രതികള്‍.
പ്രതികളില്‍നിന്ന് 17,000 രൂപയും മൊബൈല്‍ഫോണുകളും ഒരു ലക്ഷം രൂപ വിലവരുന്ന ലഹരിയുത്പന്നങ്ങളും പോലീസ് കണ്ടെടുത്തു.

ആഡംബര കാറുകളില്‍ ഡോക്ടര്‍മാര്‍ വാഹനത്തില്‍ ഒട്ടിക്കുന്ന ചിഹ്നം ഒട്ടിച്ചാണ് ലഹരി കടത്തിയിരുന്നത്.
പ്രതികളെ ചോദ്യംചെയ്തതില്‍നിന്ന് ഇത് വലിയൊരു സംഘമാണെന്നും വേറെയും പ്രതികളുണ്ടെന്നും പോലീസിന് ബോധ്യമായി.
ആഴ്ചയില്‍ മൂന്നുതവണ ബെംഗളൂരുവില്‍ പോയി ലഹരിവസ്തുക്കള്‍ എത്തിച്ച് ഒറ്റപ്പാലത്ത് ശേഖരിച്ചുവെക്കുകയായിരുന്നു പ്രതികള്‍.
തുടര്‍ന്ന് കൂട്ടാളികളുമായിച്ചേര്‍ന്ന് കാറുകളില്‍ വിവിധ ജില്ലകളിലെ ഇടനിലക്കാര്‍ക്ക് എത്തിച്ചുകൊടുക്കും.

കൂട്ടാളികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വിയ്യൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.സി. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.