NATIONAL NEWS- ഭോപ്പാൽ: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയം മധ്യപ്രദേശിലും ആവർത്തിക്കുമെന്ന് പാർട്ടി മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി.
മധ്യപ്രദേശിലെ 230 നിയമസഭാ മണ്ഡലങ്ങളിൽ 150 ലും കോൺഗ്രസ് വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മധ്യപ്രദേശിന്റെ ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥും വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കായി നടപ്പിലാക്കുന്നത് ഒരോന്നായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ അദ്ദേഹം നാലര മാസം കഴിഞ്ഞാണ് തെരഞ്ഞെടുപ്പെന്നും അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്നും വ്യക്തമാക്കി.
അതേസമയം കർണാടകത്തിൽ കോൺഗ്രസിന്റെ അഞ്ച് ഗ്യാരന്റികൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യ വിവിധ വകുപ്പ് തലവൻമാരുടെ യോഗം വിളിച്ചിരിക്കുകയാണ്.
ധനകാര്യ വകുപ്പ്, ഭക്ഷ്യ സിവിൽ സപ്ലൈസ്, വനിതാ ശിശുക്ഷേമം എന്നീ വകുപ്പ് മേധാവിമാരുമായാണ് ചർച്ച നടത്തിയത്. അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ അഞ്ച് വാഗ്ദാനങ്ങൾ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.