KERALA NEWS TODAY – കൊച്ചി: മോന്സണ് മാവുങ്കല്‍ പ്രതിയായ പോക്സോ കേസില്‍ തനിക്കെതിരായ പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പാര്‍ട്ടി മുഖപത്രം ദേശാഭിമാനിയ്ക്കുമെതിരെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.
എറണാകുളം സിജെഎം കോടതിയില്‍ സുധാകരന് നേരിട്ടെത്തിയാണ് കേസ് നല്‍കിയത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യക്കെതിരെയും സുധാകരന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മോണ്സന് മാവുങ്കല്‍ പീഡിപ്പിക്കുമ്പോള്‍ കെ.സുധാകരന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നു. തൊട്ടടുതുത്ത ദിവസം എംവി ഗോവിന്ദന് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലും പറഞ്ഞു.
ദേശാഭിമാനി വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് താന്‍ അങ്ങനെ പറഞ്ഞതെന്നായിരുന്നു ഗോവിന്ദന്റെ വിശദീകരണം.
പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സുധാകരന്റെ സാന്നിധ്യം അന്വേഷണം സംഘം തള്ളിയിരുന്നു.
ഇതിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യയും സമാനമായ പ്രസ്താവ നടത്തിയെന്നാണ് കെ.സുധാകരന് പറയുന്നത്.
ക്രിമിനല്‍ മാനനഷ്ടക്കേസായത് കൊണ്ടാണ് നേരിട്ട് ഹാജരായതെന്ന് കേസ് ഫയല്‍ ചെയ്ത ശേഷം സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു.
‘എനിക്ക് മനസ്സാ വാചാ കര്‍മണ പങ്കില്ലാത്ത ഒരു കാര്യം പറഞ്ഞാണ് അപമാനിച്ചിരിക്കുന്നത്.
എന്റെ ജീവിതത്തില്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാന്‍ ഒരു ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്. കോടതി വിധി പ്രസ്താവിച്ച് കഴിഞ്ഞ കേസിലാണ് ഇത്തരത്തിലൊരു പരാമര്‍ശം’- സുധാകരന് പറഞ്ഞു.