Latest Malayalam News - മലയാളം വാർത്തകൾ

ടൈറ്റനിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; ദൗത്യം അവസാനിപ്പിച്ചതായി യുഎസ് കോസ്റ്റ്ഗാർഡ്

WORLD TODAY – വാഷിങ്ടൻ: കരയിലെത്തിച്ച ടൈറ്റൻ സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങളിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി യുഎസ് കോസ്റ്റ്ഗാർഡ്. വിദഗ്ധസംഘം നടത്തിയ പരിശോധനയിലാണ് ടൈറ്റനിൽനിന്നു മൃതദേഹങ്ങളുടെ അവശിഷ്ടം കണ്ടെത്തിയത്.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനുള്ള യാത്രയ്ക്കിടെ സമുദ്രത്തിൽ വച്ച് പേടകം ഉൾവലി​ഞ്ഞു പൊട്ടിയുണ്ടായ അപകടത്തിൽ അഞ്ചുപേരാണ് മരിച്ചത്.

ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്,
മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.

‘‘ടൈറ്റൻ അപകടത്തിന്റെ കാരണങ്ങൾ സംബന്ധിച്ച് ഇനിയും അന്വേഷണങ്ങൾ നടക്കേണ്ടതുണ്ട്.
ഇത്തരത്തിലുള്ള ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കണം. അതിനായി കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്’’– അന്വേഷണ ഉദ്യോഗസ്ഥൻ ക്യാപ്റ്റന്‍ ജേസൺ ന്യൂബർ പറഞ്ഞു. അവശിഷ്ടങ്ങൾ കൂടുതൽ വിശകലനത്തിനായി യുഎസ് തുറമുഖത്തേക്ക് എത്തിക്കുമെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.

പേടകത്തിന്റെ മുൻ‍‍‍‍‍‍‍‍‍‍‍‍‍‍ഭാഗം ഉള്‍‍‍‍‍‍‍‍‍‍‍പ്പെടെയുള്ള ഭാഗങ്ങളായിരുന്നു നേരത്തെ കണ്ടെത്തിയത്.
സമ്മർദത്തിൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പേടകം ഉൾവലിഞ്ഞു പൊട്ടിയെന്നാണ് നിഗമനം. ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍പേടകത്തിന്റെ ഭാഗങ്ങൾ സമുദ്രോപരിതലത്തിൽ എത്തിച്ചതോടെ ദൗത്യം പൂർത്തിയാക്കിയതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. ടൈറ്റന്റെ പിൻഭാഗത്തുള്ള കോണാകൃതിയിലുള്ള ഭാഗമാണ് ആദ്യം കണ്ടെത്തിയത്.
പിന്നീട് കൂടുതൽ അവശിഷ്ടങ്ങൾ‌ ലഭിക്കുകയായിരുന്നു.

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്ന സ്ഥലത്തുനിന്ന് 500 മീറ്റർ അകലെനിന്നാണ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ജൂൺ 18നാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി അഞ്ചുപേരടങ്ങുന്ന സംഘം ടൈറ്റനിൽ യാത്ര തിരിച്ചത്. ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ മദർ ഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു

Leave A Reply

Your email address will not be published.