ENTERTAINMENT NEWS KOCHI:ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ആസാദി’യുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. പോസ്റ്ററിൽ വാണി വിശ്വനാഥിന്റെ ചിത്രമാണുള്ളത്. വാണി വിശ്വനാഥ് ഒൻപത് വർഷങ്ങൾക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്. കിംഗിലും ഉസ്താദിലും കണ്ട അതേ ലുക്കിൽ തന്നെയാണ് വാണിയെ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.
വാണിയുടെ മാസ്റ്റർപീസായ പൊലീസ് വേഷം തന്നെ രണ്ടാം വരവിലും അവതരിപ്പിക്കുന്നു. രവീണാ രവിയാണ് ചിത്രത്തിലെ നായിക. ശ്രീനാഥ് ഭാസിയുടെ അൻപതാമത്തെ ചിത്രമായ ആസാദി ത്രില്ലർ ഗണത്തിൽപ്പെടുന്നു. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്. കുമ്പാരീസ്, വീകം, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാഗറാണ് ത്രില്ലർ ഗണത്തിലുള്ള തിരക്കഥ രചിച്ചിരിക്കുന്നത്. റെമീസ് രാജ, രെഷ്മി ഫൈസൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ.
ലാൽ, സൈജു കുറുപ്പ്, ടി.ജി. രവി, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആൻ്റണി ഏലൂർ, അബിൻ ബിനോ എന്നിവരും ചിത്രത്തിലുണ്ട്.