Kerala News Today-കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച രോഗി പിടിയിൽ. വട്ടേക്കുന്ന് സ്വദേശി ഡോയൽ വാൾഡിനാണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനായ ഡോ. ഇര്ഫാന് ഖാന് നേരെയാണ് ആക്രമണം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സക്കായി മെഡിക്കൽ കോളേജിലെത്തിയതായിരുന്നു ഡോയൽ.
ചികിത്സ നൽകുന്നതിനിടെ ഇയാൾ മുഖത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് ഡോ. ഇർഫാൻ ഖാൻ നൽകിയ പരാതിയിലെ ആരോപണം. വനിതാ ജീവനക്കാരെ പ്രതി അസഭ്യം പറഞ്ഞുവെന്നും പരാതിയിലുണ്ട്. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഡോയലിനെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ഡോക്ടര്‍ മറ്റൊരു രോഗിയെ പരിശോധിക്കുകയായിരുന്നു. ഇതിന് അകാരണമായി യുവാവ് ഡോക്ടറെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം.
Kerala News Today