NATIONAL NEWS-കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.
കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശത്തിനെതിരെ രണ്ടാമത്തെ കേസാണ് രാജീവ് ചന്ദ്രശേഖറിനെതിരെ എടുത്തിട്ടുള്ളത്.
സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുക, മത സ്പര്‍ദ്ധ ഉണ്ടാക്കാൻ ശ്രമിക്കുക അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആര്‍ എടുത്തിരിക്കുന്നത്. കോൺഗ്രസ് നേതാവ് പി സരിൻ നൽകിയ പരാതിയിലാണ് നടപടി.
ഐപിസി 153, 153 A, 120 O KP act എന്നിവ അനുസരിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേന്ദ്രമന്ത്രിക്കെതിരെ ആദ്യം കേസെടുത്തത്.
സൈബര്‍ സെല്‍ എസ്ഐ പ്രമോദ് വൈ.റ്റിയാണ് കേന്ദ്രമന്ത്രിക്കെതിരെ പരാതി നല്‍കിയത്.
INDIA സഖ്യത്തിലെ രണ്ട് പങ്കാളികളായ രാഹുല്‍ ഗാന്ധിയും പിണറായി വിജയനും തനിക്കെതിരെ കേസ് എടുക്കുന്ന കാര്യത്തിൽ ഒന്നിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ‘എസ്ഡിപിഐ, പിഎഫ്ഐ, ഹമാസ് തുടങ്ങിയ വിഷലിപ്തമായ തീവ്രവാദ സംഘടനകളെ ലജ്ജയില്ലാതെ പ്രീണിപ്പിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ രണ്ട് പ്രീണനക്കാര്‍’ ആണ് പിണറായി വിജയനും രാഹുല്‍ ഗാന്ധിയുമെന്ന് കേന്ദ്രമന്ത്രി തുറന്നടിച്ചു.