NATIONAL NEWS-ന്യൂഡൽഹി : രാജ്യ തലസ്ഥാനത്തും നോയിഡയിലും (എൻസിആർ – നാഷനൽ ക്യാപിറ്റൽ റീജിയൻ) ഡീസൽ ജനറേറ്ററുകൾക്ക് നിരോധനം.
ഒക്ടോബർ ഒന്നു മുതലാണ് നിരോധനം പ്രാബല്യത്തിൽ വരുന്നത്.
ഇതോടെ അപാർട്മെന്റിൽ താമസിക്കുന്നവരുൾപ്പെടെ ആശങ്കയിലായി.
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഡീസൽ ജനറേറ്ററുകളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്ന് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് നിർദേശം നൽകിയിരുന്നു. പരിധികളില്ലാതെ ഡീസൽ ജനറേറ്ററുകൾ ഉപയോഗിക്കുന്നത് വായു മലിനീകരണം വൻതോതിൽ വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ടുണ്ട്.
വായു മലിനീകരണ തോത് വർധിച്ചപ്പോൾ ഡീസൽ ജനറേറ്റർ അടിയന്തര ഘട്ടങ്ങളിൽ മാത്രമേ പ്രവർത്തിപ്പിക്കാവൂ എന്നു നിർദേശം നൽകിയിരുന്നു.
ഡീസൽ ജനറേറ്ററുകളുടെ നിയന്ത്രണം കുറയ്ക്കുന്നതിനുള്ള മാർഗങ്ങളും കമ്മിഷൻ നിർദേശിച്ചു.
ഗ്യാസ് എനർജി ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജനറേറ്ററുകൾ സ്ഥാപിക്കുന്നത് അപ്പാർട്മെന്റുകളിൽ താമസിക്കുന്നവർക്ക് വൻ സാമ്പത്തിക ബാധ്യതയാണ് വരുത്തിവയ്ക്കുന്നതെന്ന് അപ്പാർട്മെന്റ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പെട്ടെന്ന് പുതിയ മാർഗങ്ങളിലേക്കു മാറുക എന്നത് പ്രായോഗികമല്ലെന്നും ഇവർ പറയുന്നു.