CRIME-തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ.
ആറുവയസ്സുകാരിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ച കേസിലാണ് കൊല്ലം പാരിപ്പള്ളി കിഴക്കേനില മിഥുന് ഭവനത്തില്‍ മിഥുനെ(26) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്.രേഖ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം.
പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും കുട്ടിക്ക് ലീഗല്‍ സര്‍വീസസ് അതോറിട്ടി നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
2021 നവംബര്‍ 30-നായിരുന്നു കേസിനാസ്പദമായ സംഭവം.
വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറുവയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി വസ്ത്രങ്ങള്‍ വലിച്ചുകീറിയശേഷം പീഡിപ്പിക്കുകയായിരുന്നു.
സംഭവം കണ്ടെത്തിയ അമ്മ ബഹളംവെച്ചെങ്കിലും പ്രതി കുട്ടിയെ വിട്ടില്ല. തുടര്‍ന്ന് അമ്മ നിലവിളിച്ച് നാട്ടുകാരെ കൂട്ടിയപ്പോള്‍ കുട്ടിയെ വീട്ടിലേക്ക് വലിച്ചെറിഞ്ഞിട്ട് പ്രതി രക്ഷപ്പെട്ടു. ഇതില്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
സംഭവത്തിനുശേഷം പ്രതിയെ ഭയന്ന് വീട്ടുകാര്‍ പരാതിനല്കിയിരുന്നില്ല. കുട്ടി പഠിക്കുന്ന സ്കൂളിലെ പ്രഥമാധ്യാപകനാണ് വീട്ടുകാരെയും കൂട്ടിയെത്തി പള്ളിക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയെന്ന് അറിഞ്ഞ പ്രതി പെണ്‍കുട്ടിയുടെ വീട്ടുകാരെ മര്‍ദിക്കുകയും പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിചാരണയ്ക്കിടെ തനിക്കെതിരേ മൊഴി നല്കിയാല് കൊന്നുകളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, അതിജീവിതയും വീട്ടുകാരും പ്രതിക്കെതിരേ മൊഴി നല്കി.
പ്രതിയുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് കേസിന്റെ വിചാരണ നടത്തിയത്. പള്ളിക്കല്‍ എസ്.ഐ. എം.സാഹില്‍, വര്‍ക്കല ഡിവൈ.എസ്.പി. പി. നിയാസ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്.എസ്.വിജയ് മോഹന്‍, ആര്.വൈ.അഖിലേഷ് എന്നിവര്‍ ഹാജരായി. വനിതാ സീനിയര്‍ സി.പി.ഒ. ആഗ്നസ് വിര്‍ജിന്‍ പ്രോസിക്യൂഷന് എയ്ഡായിരുന്നു. പ്രോസിക്യൂഷന് 17 സാക്ഷികളേയും പ്രതിഭാഗം പ്രതിയെ അടക്കം നാല് സാക്ഷികളെയും വിസ്തരിച്ചു. മൂന്ന് തൊണ്ടിമുതലും 20 രേഖകളും പ്രോസിക്യൂഷന് ഹാജരാക്കി.