വയനാട് ഉരുൾപൊട്ടലിൽ ചെളിയിൽ പൂണ്ടയാളെ രക്ഷപ്പെടുത്തി. മണിക്കൂറുകളോളമാണ് അദ്ദേഹം ചെളിയിൽ അകപ്പെട്ട് കിടന്നത്. സഹായത്തിനായി ചെളിയിൽ പൂണ്ട് കിടക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ആറു മണിക്കൂറുകളായി ശരീരത്തിന്‍റെ പകുതിയോളം ചെളിയില്‍ പുതഞ്ഞു കിടക്കുന്ന നിലയിലാണ് ഇദ്ദേഹം ഉണ്ടായിരുന്നത്. അദ്ദേഹത്തെ അതി സാഹസികമായി ഫയർ ആൻഡ് റെസ്ക്ക്യു ടീം രക്ഷപെടുത്തി. ഇദ്ദേഹത്തിന് സമീപത്തായുള്ള പാറയിൽ രണ്ട് കുട്ടികൾ കൂടെ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അതേസമയം ഒരു ഭാഗത്ത് മലവെള്ളപ്പാച്ചില്‍ ശക്തമായി തുടരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുകയാണ്. രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പൊലീസ് നായകളെയും ഉപയോഗിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്. കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും ദുരന്തബാധിത മേഖലയിലേക്ക് സൈന്യമെത്തുന്നു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുക എന്നതാണ് പ്രധാന ദൗത്യമെന്നും സൈന്യം വ്യക്തമാക്കി.