വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 60 ആയി ഉയർന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ദുരന്തഭൂമിയിലെ സ്ഥിതിഗതികൾ വ്യക്തമാക്കുന്നത്. അതേസമയം ചാലിയാറിൽ നിന്ന് മാത്രം കണ്ടെടുത്തത് 13 മൃതദേഹങ്ങളാണ്. ദുരന്തത്തിൽ വിവിധ ആശുപത്രികളിലായി ചികിത്സകളിലായി കഴിയുന്നത് നൂറിലധികം പേരാണ്. അമ്പതിലേറെ വീടുകൾ, നിരവധി വാഹനങ്ങൾ എന്നിവ ഉരുൾപൊട്ടലിൽ തകർന്നും ഒലിച്ചു പോയിരിക്കുകയാണ്. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ് ഇവിടെ. രാത്രി ഒരു മണിക്ക് ശേഷമാണ് ദുരന്തമുണ്ടായത്.നൂറിലേറെ പേർ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിന് ഏഴിമലയിൽ നിന്ന് നാവികസേനയുമെത്തുമെന്ന് അറിയിപ്പുണ്ട്.