കൊല്ലം ∙ പെരുമൺ ട്രെയിൻ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളുടെ ചൂളംവിളിക്ക് ഇന്ന് 36 വയസ്സ്. 1988 ജൂലൈ എട്ടിനായിരുന്നു ഐലൻഡ് എക്സ്പ്രസ് പെരുമൺ പാലത്തിൽനിന്ന് അഷ്ടമുടിക്കായലിലേക്കു മറിഞ്ഞത്. യാത്രക്കാരും രക്ഷാപ്രവർത്തകരുമടക്കം 105 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. നൂറുകണക്കിനാളുകൾ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി.
ദുരന്തത്തിനു കാരണം ചുഴലിക്കാറ്റെന്ന് (ടൊർണാഡോ) റെയിൽവേ അടിവരയിട്ട് ഉറപ്പിച്ചു. എങ്കിലും അത്തൊരുമൊരു കാറ്റിന് ഒരു ട്രെയിനിനെ മറിച്ചിടാൻ കഴിയുമോയെന്ന ചോദ്യം ജനമനസ്സുകളിൽ ബാക്കിയായി. ദുരന്ത കാരണം കണ്ടെത്താൻ ഒട്ടേറെപ്പേർ അന്വേഷണം നടത്തി. കാരണങ്ങൾ പലതും കണ്ടെത്തിയെങ്കിലും അതിനെല്ലാം ‘ടൊർണാഡോ’യെ കൂട്ടുപിടിച്ചായിരുന്നു റെയിൽവേയുടെ മറുപടി.
2013 ൽ, ദുരന്ത കാരണം വിശദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് തേവള്ളി സ്വദേശിയായ അഭിഭാഷകൻ കോടതിയെ സമീപിച്ചിരുന്നു. കോടതി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ആ അന്വേഷണവും എങ്ങും എത്തിയില്ല. അപകട കാരണം കണ്ടെത്താൻ കഴിയുന്നില്ലെന്നു കാണിച്ച് പൊലീസും 2019 ൽ അന്വേഷണം അവസാനിപ്പിച്ചു. ദുരന്തത്തിന്റെ യഥാർഥ കാരണം എന്നെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷ മനസ്സിൽ പേറിയാണ് അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും പരുക്കേറ്റവരും ഓരോ വാർഷികാചരണ ദിനത്തിലും എത്തുന്നത്.