NATIONAL NEWS-ന്യൂഡല്‍ഹി: ഗാസയില്‍ അഭയാര്‍ഥി ക്യാമ്പായി പ്രവര്‍ത്തിച്ച ആശുപത്രിക്കുനേരെ ഇസ്രയേല്‍ ആക്രമണത്തില്‍ 500-ലെറെപ്പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
ഗാസ അല്‍ അഹ്‌ലി ആശുപത്രിയില്‍ ദാരുണമായി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവം ഞെട്ടലുണ്ടാക്കിയെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നതായും അറിയിച്ചു.
ഇരുവിഭാഗങ്ങളും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ക്ക് ജീവന്‍ഹാനി സംഭവിക്കുന്നത് ഗൗരവമേറിയതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് നരേന്ദ്രമോദി പ്രതികരിച്ചു. സംഭവത്തിന് പിന്നിലുള്ളവരെ ഉത്തരവാദികളാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ചയാണ് മുന്നറിയിപ്പില്ലാതെ അല്‍ അഹ്‌ലി ആശുപത്രിക്കുനേരെ ആക്രമണം ഉണ്ടായത്. കുടിയിറക്കപ്പെട്ടവരും പരിക്കേറ്റവരുമായ നൂറുകണക്കിനാളുകളാണ് സംഭവസമയത്ത് ആശുപത്രിയിലും പരിസരങ്ങളിലുമായുണ്ടായിരുന്നത്.
ആശുപത്രി ആക്രമണത്തില്‍ പങ്കില്ലെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടിരുന്നു. പലസ്തീന്‍ പ്രയോഗിച്ച റോക്കറ്റ് ലക്ഷ്യം തെറ്റി ആശുപത്രിക്ക് മേല്‍ പതിച്ചാണ് ദുരന്തമുണ്ടായതെന്നും സൈനിക വക്താവ് പറഞ്ഞിരുന്നു.