WORLD TODAY-ടെല്‍ അവീവ് : ഹമാസമുമായുള്ള യുദ്ധം തുടരുന്നതിനിടെ നൂതന യുദ്ധോപകരണങ്ങളുമായി യുഎസിന്റെ ആദ്യ വിമാനം ഇസ്രയേലിലെത്തി.
തെക്കന്‍ ഇസ്രയേലിലെ നവേതിം വ്യോമത്താവളത്തില്‍ അമേരിക്കന്‍ വിമാനം യുദ്ധോപകരണങ്ങളുമായി എത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.
‘സുപ്രധാന ആക്രമണങ്ങള്‍ക്കും പ്രത്യേക സാഹചര്യങ്ങള്‍ നേരിടുന്നതിന് സേനയെ പര്യാപ്തമാക്കുന്നതിനുമാണ് ഈ ആയുധങ്ങള്‍’ ഐഡിഎഫ് പ്രസ്താവനയില്‍ അറിയിച്ചു.
വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തില്‍ ഇസ്രയേലിനും സൈന്യത്തിനും അമേരിക്ക നല്‍കുന്ന പിന്തുണയ്ക്ക് തങ്ങള്‍ ഏറെ കടപ്പെട്ടവരാണ്.
ഇരു സൈന്യങ്ങള്‍ തമ്മിലുള്ള സഹകരണം എന്നത്തേക്കാളും ശക്തമാണ്.
പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ പ്രധാന ഭാഗമാണിതെന്നും അത് തങ്ങളുടെ പൊതു ശത്രുക്കള്‍ക്ക് അറിയാമെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.
ഇതിനിടെ യു.എസ്. വിദേശകാര്യസെക്രട്ടറി ആന്റണി ബ്‌ളിങ്കന്‍ വ്യാഴാഴ്ച ഇസ്രയേലിലേത്തും. ഹമാസ്- ഇസ്രയേല്‍ യുദ്ധമാരംഭിച്ചശേഷം ആദ്യമായാണ് ഒരു വിദേശരാജ്യ പ്രതിനിധി ഇവിടേക്ക് എത്തുന്നത്. ഇസ്രയേലിന് അമേരിക്ക പ്രഖ്യാപിച്ച പിന്തുണയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഈ സന്ദര്‍ശനത്തിലൂടെ പങ്കുവെക്കുമെന്നറിയുന്നത്. ഇസ്രയേലില്‍ നിന്ന് മടങ്ങും വഴി ബ്‌ളിങ്കന്‍ ജോര്‍ദാനിലും സന്ദര്‍ശനം നടത്തും.
ഇതിനിടെ അമേരിക്കയുടെ ഒരു പ്രത്യേക ദൗത്യ സംഘം ഇസ്രയേല്‍ സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ വെളിപ്പെടുത്തി.